ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ദിനാളിന്റെ അപ്പീല്‍
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ കേസ് എടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ അപ്പീല്‍ നല്കി. ഫാ ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം എന്നിവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ ഹരജിയില്‍ മാര്‍ച്ച് ആറിനാണ് കര്ദിനാളടക്കമുള്ളവര്ക്കെതിരേ കേസെടുക്കാന്‍ സിംഗിള്‍ബെഞ്ച് പൊലിസിനോട് നിര്‍ദേശിച്ചതെന്നു അപ്പീലില്‍ പറയുന്നു. കേട്ടുകേള്‍വി അടിസ്ഥാനമാക്കി ഹരജിക്കാരന് നല്കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ല. മറ്റൊരു കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവ് ശരിയല്ല. സാക്രി വാസു കേസില്‍ സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങളില്‍ മജിസ്ട്രേറ്റ് കോടതിക്ക് കേസില്‍ അന്വേഷണം നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായാണ് സിംഗിള്‍ ബെഞ്ചിന്റെ നിലപാടെന്നും കര്‍ദിനാള്‍ നല്കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിവില്പന പരാതിക്കാരന് നേരിട്ടറിവുള്ള വിഷയമല്ല. ഹരജി പരിശോധിച്ചാല്‍ പരാതിക്കാരനെ മറ്റു ചില താല്പര്യക്കാര് നിയോഗിച്ചതാണെന്ന് വ്യക്തമാകും. ഷൈന്‍ വര്‍ഗീസിന്റെ ഹരജി കോടതി നടപടികളുടെ ദുരുപയോഗമാണ്- ഹരജി പറയുന്നു.
കേസില്‍ എതിര് കക്ഷികളായ തങ്ങള്‍ക്ക് നോട്ടിസ് നല്‍കാതെ സിംഗിള്‍ബെഞ്ച് വിധി പറഞ്ഞെന്നാണ് ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടത്തിന്റെ അപ്പീലിലെ വാദം. അപ്പീല്‍ ഡിവിഷന് ബെഞ്ച് അടുത്ത ദിവസം പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."