സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍; ഐ.പി.എസുകാര്‍ യജമാനരല്ല, സേവകര്‍
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭീഷണിയുണ്ടെങ്കില്‍ പൊലിസ് സംരക്ഷണമുള്‍പ്പെടെയുള്ള ഉചിതമായ മാര്‍ഗമാണ് തേടേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരേ പോരാടുന്ന തനിക്ക് ഭീഷണിയുണ്ടെന്നും വിസില്‍ ബ്ലോവര്‍ നിയമപ്രകാരമുള്ള സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിലപാട്.
എന്നാല്‍, ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പൊതുസേവകരാണെന്നും പൊതുജനത്തിന്റെ യജമാനരല്ലെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഇവര്‍ക്ക് മുകളിലും ആളുകളുണ്ട്.
കടമകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല. അവര്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം - ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
അതേസമയം, അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുള്ള നിയമപ്രകാരം ജേക്കബ് തോമസിന് സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നാട്ടില്‍ തനിക്ക് സുരക്ഷിതത്വമില്ലാത്തതിനാല്‍ വിദേശത്ത് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ 15 ദിവസത്തിനകം നടപടിയായില്ലെങ്കില്‍ സ്വയം വിരമിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി ജേക്കബ് തോമസ് നല്‍കിയ ഉപഹരജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നു. വിസില്‍ ബ്ലോവര്‍ നിയമപ്രകാരമുള്ള സംരക്ഷണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."