വനത്തില്‍ പ്രവേശിക്കുന്നതിനും ട്രക്കിങ്ങിനും നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിങ് നടത്തുന്നതും വനത്തില്‍ പ്രവേശിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര എക്‌സിക്യൂട്ടിവ് യോഗമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തേനി വനമേഖലയിലെ ട്രക്കിങ്ങിനിടയില്‍ കാട്ടുതീയില്‍പ്പെട്ട് നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിരോധനം.
വനം വകുപ്പിന്റെ അനുമതിയില്ലാതെ യാതൊരു കാരണവശാലും പൊതുജനങ്ങളെ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. വന്യജീവി സങ്കേതങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും. ആവശ്യമായ പരിശോധന നടത്തി പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരെയും ഡി.എഫ്.ഒമാരെയും ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം കൂടി ട്രക്കിങ്ങിന് നിരോധനം ഏര്‍പ്പെടുത്തിയത്.
പുന:പ്രവേശനം ആരംഭിക്കുന്ന വന്യജീവി കേന്ദ്രങ്ങളില്‍ കാട്ടുതീ സാധ്യത മേഖലകള്‍, കാട്ടു തീ തടയുന്നതിനുള്ള മുന്‍കരുതലുകള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് 15 മിനിട്ടുള്ള വിവരണം നല്‍കും. തീപ്പെട്ടി, ലൈറ്റര്‍, പുകയില ഉല്‍പന്നങ്ങള്‍, തീയുണ്ടാക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ എന്നിവ വനത്തിനുള്ളില്‍ നിരോധിക്കും. ഫയര്‍ ലൈനുകള്‍ യഥാസമയം വൃത്തിയാക്കി കൂടുതല്‍ സുരക്ഷ ഒരുക്കും.
വനംവകുപ്പ് ജീവനക്കാര്‍, താല്‍ക്കാലിക വാച്ചര്‍മാര്‍ എന്നിവര്‍ക്ക് എല്ലാവിധ മുന്‍കരുതലുകളുമെടുക്കാന്‍ മുഖ്യ വനംമേധാവി പി.കെ കേശവന്‍ നിര്‍ദേശം നല്‍കി. കൂടാതെ വനത്തിനുള്ളില്‍ താല്‍ക്കാലിക കുളങ്ങള്‍ ഉണ്ടാക്കി വന്യ ജീവികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചു.
കേരളത്തിലെ വനമേഖലകളില്‍ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിനോദ സഞ്ചാര വകുപ്പും നിര്‍ദേശം നല്‍കി. ടൂര്‍ ഓപ്പറേറ്റേഴ്‌സിനും ടൂര്‍ പാക്കേജ് നടത്തുന്നവര്‍ക്കുമാണ് വിനോദ സഞ്ചാര വകുപ്പ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."