കഞ്ചാവുവേട്ട; പിടികൂടിയത് 7.5 കിലോ
കോഴിക്കോട്: ജില്ലയില്‍ മൂന്നിടങ്ങളില്‍ നിന്നായി 7.5 കിലോ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കായി കൊണ്ടണ്ടുവന്ന നാലു കിലോയിലധികം കഞ്ചാവുമായി ബേപ്പൂര്‍ സ്വദേശികളായ ചെറുപുരയ്ക്കല്‍ അബ്ദുല്‍ ഗഫൂര്‍ (39), മച്ചിലകത്ത് ഹനീഫ (51) എന്നിവരെ ബേപ്പൂര്‍ പൊലിസും ഒന്നര കിലോഗ്രാം കഞ്ചാവുമായി കല്ലായി കോയവളപ്പ് കെ.പി.എം വില്ലയില്‍ നജീബ് (32 ) എന്നയാളെ മാറാട് പൊലിസുമാണ് അറസ്റ്റ് ചെയ്തത്.
രണ്ടേകാല്‍ കിലോ കഞ്ചാവുമായി ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി കൈപാടത്ത് ഹൗസ് സിദ്ദീഖ് ഷമീര്‍ എന്ന അട്ടു (25) വിനെയും അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം.കെ ഗിരീഷും പാര്‍ട്ടിയും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ബേപ്പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടി കേസില്‍ ജാമ്യത്തിലിറങ്ങിയ ഗഫൂറും ഗോള്‍ഡന്‍ ബോട്ടിലെ ജീവനക്കാരനായ ഹനീഫയും ചേര്‍ന്ന് കഞ്ചാവ് കച്ചവടം നടത്തുന്നതായി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാര്‍കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍കോട്ടിക്ക് സ്‌ക്വാഡും കോഴിക്കോട് നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തിയത്.
ആന്ധ്രയില്‍നിന്ന് വലിയതോതില്‍ കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് ഗഫൂറും സുഹൃത്ത് ഹനീഫയും രണ്ട് കിലോയുടെ പാര്‍സലുകളായി വില്‍പന നടത്തി വരികയായിരുന്നു. ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിക്കു സമീപത്തുവച്ച് ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. ഗഫൂര്‍ മട്ടാഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
ഗഫൂറിനെയും ഹനീഫയെയും കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കല്ലായി കോയവളപ്പ് സ്വദേശിയായ നജീബ് എന്നയാള്‍ ഗഫൂറില്‍ നിന്നു കഞ്ചാവ് വാങ്ങിച്ച് വില്‍പന നടത്തിവരുന്നതായി വിവരം ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ നജീബും പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ഇയാള്‍ കഞ്ചാവ് വില്‍പനയ്ക്കായി ഗോതീശ്വരം ഭാഗത്ത് എത്തിയിട്ടുണ്ടെണ്ടന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു.
ചെറുവണ്ണൂരില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായ സിദ്ദീഖ് ഷമീറിന്റെ കൂടെയുള്ളയാള്‍ രക്ഷപ്പെട്ടു. കൊളത്തറ സ്വദേശി മഠത്തില്‍ കുറ്റിപറമ്പ് ജുനീഷാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടത്. ഇയാളെയും പ്രതിചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു.
ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് കമ്പത്തു നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ഇവര്‍ ആഴ്ചകളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മോഡേണ്‍ ബസാറില്‍ വച്ച് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്കിനെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
സിദ്ദീഖ് ഷമീര്‍ നേരത്തെ ബൈക്ക് മോഷണ കേസിലും കഞ്ചാവ് കേസിലും പ്രതിയായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി ഗണേഷ് പ്രിവന്റീവ് ഓഫിസര്‍ കെ.പി റഷീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."