കീഴാറ്റൂരില്‍ ഇരട്ടക്കൊലപാതകത്തിന് ആര്‍.എസ്.എസ് പദ്ധതിയിട്ടുവെന്ന് സി.പി.എം
കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന രണ്ടുപേരെ കൊലപ്പെടുത്താന്‍ ആര്‍.എസ്.എസ് പദ്ധിതിയിട്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃച്ഛംബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ കീഴാറ്റൂര്‍ വയലിലെ ഗൂഢാലോചനയ്ക്ക് കൂടി കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
തൃച്ഛംബരം ക്ഷേത്രോല്‍സവത്തിനിടെ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ സംഘം കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. അതേസംഘം താവം ബാറില്‍ അക്രമം നടത്തുകയും തുടര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ എത്തുകയുമായിരുന്നു. അവിടെയുള്ള ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും വകവരുത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അക്രമിസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് മൊഴി. ലക്ഷ്യമിട്ട ലതീഷ് കീഴാറ്റൂര്‍ വയല്‍ സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ്.
ജനങ്ങളില്‍ നിന്ന് സമരക്കാര്‍ ഒറ്റപ്പെടുന്നു എന്ന് മനസിലാക്കിയ ആര്‍.എസ്.എസ് നേതൃത്വം ക്രൂരമായ രീതിയില്‍ ഇരട്ടക്കൊലപാതകം നടത്താനാണ് ആസൂത്രണം ചെയ്തത്.
എന്നിട്ടിത് സി.പി.എമ്മിന്റെ പേരില്‍ കെട്ടിവയ്ക്കാനായിരുന്നു നീക്കം. പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘപരിവാര്‍ ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി കൈകഴുകുകയാണ്. എന്നാല്‍ പിടിയിലായ രാകേഷ് ബജ്‌റംഗ്ദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് ആണ്. ജയന്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രതികളും പരിശീലനം നേടിയ ആര്‍.എസ്.എസിന്റെ അധികാരികളാണെന്നും ജയരാജന്‍ പറഞ്ഞു. കീഴാറ്റൂര്‍ വയലില്‍ കൊലപാതകം നടത്തി തളിപ്പറമ്പ് ഉള്‍പ്പെടെ മറ്റുമേഖലകളില്‍ കലാപമായിരുന്നു ആര്‍.എസ്.എസ് പദ്ധതി. അതിന്റെ ഭാഗമായി നടത്തിയ നാടകമായിരുന്നു താവത്ത് നടന്നത് എന്നാണ് അനുമാനിക്കേണ്ടത്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രീകരിച്ചുകൊണ്ട് കലാപഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെയും കെസെടുക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."