'അതിരപ്പിള്ളിയിലും മുല്ലപ്പെരിയാറിലും' വിവാദത്തിനില്ലെന്ന് മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ചുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ടു വിവാദത്തിനില്ലെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്രകൃതിസംരക്ഷണവും വികസവും തമ്മിലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സ്വാഭാവികമാണെന്നും അതെല്ലാം അഭിപ്രായഭിന്നതയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടും താന്‍ വിവാദത്തിനില്ല. ഹോര്‍ട്ടികോര്‍പ്പില്‍ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കും. അറുനൂറ്റിയന്‍പതോളം ജീവനക്കാരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച നാനൂറു പേരെ പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു. ഇവരെ അനധികൃതമായി നിയമിച്ചതെന്നാണ് മനസിലാക്കുന്നത്. 2012 മുതല്‍ പ്രകൃതിക്ഷോഭത്തിനിരയായി നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ കുടിശിക ഉടന്‍ നല്‍കും. നെല്‍വയല്‍ നീര്‍ത്തട നിയമത്തിലെ ചട്ടങ്ങള്‍ പരിശോധിക്കാന്‍ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. സമഗ്ര കാര്‍ഷികനയത്തിനു രൂപംനല്‍കും. മുടങ്ങിക്കിടക്കുന്ന ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ പുനരാരംഭിക്കും. നിലവില്‍ നെല്‍കൃഷി ചെയ്തുവരുന്ന ഒരിഞ്ച് ഭൂമിപോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ നിയമം കര്‍ശനമാക്കും. നെല്‍കൃഷി മേഖലയിലെ തരിശുനിലങ്ങള്‍ കൃഷിഭവനുകളെ ഉപയോഗിച്ചു കണ്ടെത്തും.
സാറ്റലൈറ്റ് സര്‍വേ നടത്തി ഡാറ്റ ശേഖരിക്കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൃഷി, റവന്യൂ, തദ്ദേശ, ജലവിഭവ മന്ത്രിമാരുടെ യോഗം നാളെ ചേരാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."