വയറുനിറയാന്‍ കീശ കാലിയാക്കണം!
മലപ്പുറം: അവശ്യസാധനങ്ങള്‍ക്കു വില കൂടുമ്പോള്‍ ഭക്ഷണവിഭവങ്ങള്‍ക്ക് വില കൂട്ടുന്ന ഹോട്ടലുകള്‍, അവയ്ക്കു വില കുറയുമ്പോള്‍ ഭക്ഷണവില കുറയ്ക്കാറുണ്ടോ?, ഇല്ല. പച്ചക്കറിയും കോഴിയുമടക്കമുള്ളവയ്ക്കു വില വലിയ തോതില്‍ കുറഞ്ഞിട്ടും നേരത്തേയുള്ള വലിയ വില തന്നെയാണ് ജില്ലയിലെ മിക്ക ഹോട്ടലുകളും ഇപ്പോഴും ഈടാക്കുന്നത്.
വില കുറച്ചാല്‍ ഡിമാന്‍ഡ് ഇടിയുമെന്ന പേരില്‍ വന്‍ വില ഈടാക്കി ഉപഭോക്താവിനെ പിഴിയുന്ന ഹോട്ടലുകള്‍ മലപ്പുറത്തിന്റെ പ്രത്യേകതയാണ്. 130 രൂപയുണ്ടായിരുന്ന കോഴിയുടെ വില കഴിഞ്ഞ ദിവസം അറുപതിലെത്തിയെങ്കിലും ജില്ലയിലെ ഹോട്ടലുകളൊന്നും കോഴി വിഭവത്തിനു വില കുറച്ചിട്ടില്ല. ഒരു പ്ലേറ്റ് ചിക്കന്‍ ചില്ലിക്ക് ഇപ്പോഴും 320 മുതല്‍ 350 രൂപവരെയാണ് ഈടാക്കുന്നത്. ക്വാര്‍ട്ടര്‍ ചില്ലിക്ക് 90 മുതല്‍ 120 രൂപവരെ നല്‍കണം. ഷവായ, മന്തി തുടങ്ങിയ വിഭവങ്ങള്‍ക്കും പഴയ വില തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.
അതായത് ഹോട്ടലുകള്‍ക്കു മുന്‍പു ലഭിച്ചിരുന്ന ലാഭം നൂറു ശതമാനം വര്‍ധിച്ചെന്നു ചുരുക്കം. ഇതിനെ കൊള്ളലാഭമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പച്ചക്കറിക്ക് ഇത്ര വില കുറഞ്ഞ സമയം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍, ഇതൊന്നും ഹോട്ടലുടമകള്‍ അറിഞ്ഞ മട്ടില്ല. വെജിറ്റേറിയന്‍ ഹോട്ടലില്‍ വിഭവങ്ങള്‍ക്കെല്ലാം പഴയ വിലതന്നെയാണ് ഈടാക്കുന്നത്.
ഇപ്പോള്‍ വ്യാപകമായ ചപ്പാത്തി കമ്പനികള്‍ കുറഞ്ഞ വിലയ്ക്കു ചപ്പാത്തിയും കോഴി, പച്ചക്കറികള്‍ എന്നിവയും നല്‍കുന്നതാണ് ഇപ്പോള്‍ ജനത്തിന് ആശ്വാസം നല്‍കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ചപ്പാത്തിക്കമ്പനികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ചപ്പാത്തി, പൊറോട്ട, പത്തിരി, ഗോതമ്പ് പൊറോട്ട തുടങ്ങിയവയും ഇവിടെ ലഭിക്കും. ഒരു ചപ്പാത്തിക്കു മൂന്നു രൂപയാണ് ഇവിടെ വില. കോഴിക്കറിത്ത് മുപ്പതും പച്ചക്കറിക്ക് ഇരുപതും രൂപ നല്‍കിയാല്‍ മതി. 40 രൂപയുണ്ടായാല്‍ മൂന്നു ചപ്പാത്തിയും ചിക്കന്‍ കറിയും ലഭിക്കും. ഒരു രൂപ ബാക്കിയും. ഇത്തരം കച്ചവടക്കാര്‍ക്കു മുതലാകുന്ന കച്ചവടം എങ്ങിനെയാണ് പൊള്ളുന്ന വില ഈടാക്കുന്നവര്‍ക്കു മുതലാകാത്തതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
അതേസമയം, വില കുറച്ച് വില്‍ക്കുന്ന ചില ഹോട്ടലുകളെങ്കിലും ഉണ്ട്. ഇവിടങ്ങളില്‍ പൊരിച്ച കോഴിയും നെയ്‌ച്ചോറും കഴിക്കാന്‍ 60 രൂപയാണ്. കോഴി ബിരിയാണി, നെയ്‌ച്ചോര്‍- ബീഫ്, തേങ്ങാച്ചോര്‍-ബീഫ്, മന്തി-കോഴി എന്നിവയും അറുപതു മുതല്‍ എഴുപതുവരെ രൂപയ്ക്കു ലഭിക്കും. ഇവയില്‍ ചിലതില്‍ നെയ്‌ച്ചോര്‍ എത്ര വേണമെങ്കിലും കഴിക്കാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."