പദ്ധതി നിര്‍വഹണം താളംതെറ്റുന്നു
മഞ്ചേരി: വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളും ആശങ്കയില്‍. ചില പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണം പകുതിപോലുമായിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
അതേസമയം, ജില്ലയിലെ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതി നിര്‍വഹണത്തെ ബാധിക്കുന്നുണ്ട്. ജില്ലയിലെ 14 പഞ്ചായത്തുകളില്‍ നിലവില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരില്ല.നാലിടത്തു സെക്രട്ടറിമാരുടെ കസേരയും ഒഴിഞ്ഞുകിടക്കുകയാണ്. പല എ.ഇമാര്‍ക്കും രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതലയുണ്ട്. ഇരുപതോളം പഞ്ചായത്തുകളില്‍ എ.ഇമാരെ നിയമിച്ചതു ദിവസങ്ങള്‍ക്കു മുന്‍പാണ്. പദ്ധതിയുടെ മൃഗീയ ഭാഗവു ചെലവഴിക്കേണ്ട എന്‍ജിനിയറിങ് വിഭാഗത്തില്‍ സ്ഥിരമായി അസിസ്റ്റന്റ് എന്‍ജിനിയര്‍മാരില്ലാത്തതു പദ്ധതി നിര്‍വഹണത്തെ കാര്യമായി ബാധിച്ചതായാണ് ആരോപണം.
ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ പട്ടികജാതി വികസന ഓഫിസര്‍മാരില്ലാത്തതിനാല്‍ ജനകീയാസൂത്രണ പദ്ധതിയും പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതിയും താളംതെറ്റുകയാണ്. പൊന്നാനിയും മഞ്ചേരിയും ഒഴികെയുള്ള മുനിസിപ്പാലിറ്റികളിലെ പദ്ധതി നിര്‍വഹണം നടത്താന്‍ ഓഫിസര്‍മാരില്ല. പദ്ധതി നിര്‍വഹണം നടത്താന്‍ ഉദ്യോഗസ്ഥരില്ലാത്തതു ജില്ലാ വികസന സമിതിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അഞ്ചു ബ്ലോക്കുകളില്‍ പട്ടികജാതി വികസന ഓഫിസര്‍മാരില്ല. മങ്കട ,കുറ്റിപ്പുറം, താനൂര്‍, വേങ്ങര, കാളികാവ് എന്നീ ബ്ലോക്കുകളിലാണ് ഓഫിസര്‍മാരില്ലാത്തത്. നിലവിലുണ്ടായിരുന്ന ഓഫിസര്‍മാര്‍ പ്രൊമോഷനാകുകയോ സ്ഥലം മാറുകയോ ചെയ്തതിനു ശേഷം പകരം നിയമനം നടന്നിട്ടില്ല. ഈ ഓഫിസുകളുടെകൂടി അധിക ചുമതല തൊട്ടടുത്ത ബ്ലോക്കിലെ ഓഫിസര്‍ക്കു നല്‍കിയിരിക്കുകയാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായിട്ടും ഉദ്യോഗസ്ഥരെ നിയമിക്കാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."