'ഈ വീട് പൊളിക്കണോ ഗെയിലേ..?'
പൂക്കോട്ടൂര്‍: ഇവിടെ പിതാവ് മരണപ്പെട്ട അഞ്ചു പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് ഒരു മാതാവ് നീതിതേടുകയാണ്, ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകാനിരിക്കുന്നത് ഇവരുടെ വീടുതുളച്ചാണ്, മരിക്കും മുന്‍പ് മക്കള്‍ക്കായി പിതാവ് ചോര നീരാക്കിയുണ്ടാക്കിയ വീട്..!
'ന്റെ ഉള്ളില് തീയാണ് ' റഹീന പറയുന്നത് ഉള്ളുരുകിയാണ്. 'അഞ്ചു പൈതങ്ങളെ കൂട്ടിപ്പിടിച്ചു മനസമാധാനത്തോടെ അന്തിയുറങ്ങാന്‍ പറ്റുന്നില്ല. വീട് പൊളിക്കപ്പെടുമെന്ന ഭീതിയാണ്. പിന്നെ ഞങ്ങളെവിടെപ്പോകും?' റഹീനയുടെ ചോദ്യത്തിനുത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
കാന്‍സര്‍ ബാധിച്ച് റഹീനയുടെ ഭര്‍ത്താവ് സൈതലവി 2015 ഡിസംബര്‍ 31നാണ് മരണപ്പെട്ടത്. 27 വര്‍ഷം വിദേശത്തു തുച്ഛമായ വേതനത്തിനു ചോര നീരാക്കിയ അദ്ദേഹം, കാന്‍സര്‍ ബാധിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഒരു മാസവും പത്തു ദിവസവും പിന്നിട്ടപ്പോള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. അന്നു ചെറിയ മകളായ റഷയ്ക്കു രണ്ടര വയസാണ് പ്രായം. സൈതലവിയുടെ ആകെ സമ്പാദ്യം ഈ കൊച്ചു വീടും അഞ്ചു പെണ്‍മക്കളും. അതില്‍ രണ്ടു പേര്‍ക്കു കാലിനു സ്വാധീനക്കുറവുമുണ്ട്.
മുപ്പത്തിയെട്ടുകാരിയായ റഹീനയും മക്കളുമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസിലെ പത്താം തരം വിദ്യാര്‍ഥിനി ഫാത്വിമ റംഷീനയും എട്ടാം തരത്തില്‍ പഠിക്കുന്ന റമീസയും ഏഴും അഞ്ചും നാലും പ്രായക്കാരായ റിഫയും റിയയും റഷയുമാണ് മക്കള്‍. ഇതില്‍ റിയയ്ക്കും റഷയ്ക്കുമാണ് വലതു കാലിനു സ്വാധീനക്കുറവുള്ളത്. ഇരുവരുടെയും ചികിത്സയ്ക്കു മാത്രമായി ആഴ്ചയില്‍ ഏഴായിരത്തോളം രൂപയാണ് ചെലവു വരുന്നത്. ആഴ്ചയില്‍ നാലു ദിവസം മഞ്ചേരി, മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയ്‌ക്കെത്തണം.
ഈ ദുരിതത്തിനിടയിലാണ് ഇവരുടെ കിടപ്പാടം തകര്‍ത്തു ഗെയില്‍ കടന്നുപോകാനിരിക്കുന്നത്. സര്‍വേ പ്രകാരം ഇവരുടെ വീടിന്റെ മധ്യത്തിലൂടെയാണ് വാതക പൈപ്പ് ലൈന്‍ കടന്നുപോകുക. വലിയ കമ്പനികള്‍ക്കു വേണ്ടി പൈപ്പ്‌ലൈനിന്റെ അലൈന്‍മെന്റ് മാറ്റുന്ന ഗെയിലിനു തങ്ങളുടെ ഈ കൊച്ചുവീട് നിലനിര്‍ത്തിത്തന്നൂടേയെന്നാണ് നെഞ്ചുപൊട്ടി റഹീനയെന്ന മാതാവ് ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."