അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ആര്‍.എം.എസ് യൂനിറ്റ്
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ആര്‍.എം.എസ് യൂനിറ്റ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍. രാജ്യത്ത് എണ്‍പത്തിയൊന്ന് പാര്‍സല്‍ ഹബ്ബുകളില്‍ കേരളത്തില്‍ അംഗീകരമുള്ള എല്‍ ഒന്ന് സ്റ്റാറ്റസ് ഉള്ള ഏക പാര്‍സല്‍ ഓഫിസാണ് ഷൊര്‍ണൂരിലേത്.
സംസ്ഥാനത്തെ തപാല്‍ ഓഫിസുകളില്‍ ബുക്ക് ചെയ്യുന്ന പാര്‍സലുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുന്ന പ്രധാന കേന്ദ്രമാണ് ഷൊര്‍ണൂര്‍ ആര്‍.എം.എസ്. അതുപോലെ കേരളത്തിലേക്ക് അയക്കപ്പെടുന്ന പാര്‍സലുകള്‍ എത്തുന്നത് ഷൊര്‍ണൂര്‍ ആര്‍.എം.എസിലാണ്. ശേഷം ഇവിടെ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പാര്‍സലുകള്‍ അയക്കുന്നത്.
പ്രാദേശികമായി നിലമ്പൂര്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് തപാലുരുപ്പടികള്‍ ഇവിടെ നിന്നാണ് സ്വീകരിക്കുന്നതും അയക്കുന്നതും. പൊന്നാനി വരെയുള്ള മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലെ തപാല്‍ വിതരണത്തിന്റെ ഉറവിടവും ഷൊര്‍ണൂരാണ്.
സുമാര്‍ അറുപത് തപാല്‍ ഓഫിസുകളുടെ തപാല്‍ വിതരണ ചുമതല നിര്‍വഹിക്കുന്നതും ഷൊര്‍ണൂര്‍ ആര്‍.എം.എസില്‍ നിന്നാണ്.
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രചാരത്തിലായതോടെ കടുത്ത ജോലിഭാരമാണ് ഷൊര്‍ണൂര്‍ ആര്‍.എം.എസിലെ പാര്‍സല്‍ യൂനിറ്റിനുള്ളത്. ആയരക്കണക്കിന് ഓണ്‍ലൈന്‍ പാര്‍സലുകള്‍ കൃത്യമായി ശേഖരിച്ച് തരംതിരിച്ച് ഉപഭോക്താവിന്റെ കൈകളിലെത്തിക്കുവാന്‍ അക്ഷീണ പ്രയത്‌നമാണ് ആര്‍.എം.എസ് യൂനിറ്റും ജീവനക്കാരും നിര്‍വഹിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന റെയില്‍വെ ജങ്ഷന്‍ എന്ന പദവിയുള്ള ഷൊര്‍ണൂരിലെ ആര്‍.എം.എസ് എന്നതുകൊണ്ട് മറ്റൊരു ദൗത്യം കൂടി ആര്‍.എം.എസ് നിര്‍വഹിച്ചുവരുന്നു.
ഫോര്‍വേഡ് ബാഗുകള്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന ട്രാന്‍സിസ്റ്റ് മെയില്‍ ഓഫിസിന്റെ പ്രവര്‍ത്തനമാണത്.
തപാല്‍ മേഖലയിലെ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി മെയില്‍ ഒപ്റ്റിമൈസേഷന്‍ പ്രൊജക്റ്റ് നടപ്പിലാക്കിക്കഴിഞ്ഞു. ഇതിന്റെ ഫലമായി നിരവധി പരിഷ്‌കരണമാണ് തപാല്‍ മേഖല നേരിടുന്നത്.
കേരളത്തിലെ പാര്‍സല്‍ ഹബ്ബ് എല്‍ ഒന്ന് സ്റ്റാറ്റസ് ഉള്ള ഷൊര്‍ണൂര്‍ ആര്‍.എം.എസിനെ അവഗണിച്ച് എറണാകുളം, തിരുവനന്തപുരം ആര്‍.എം.എസുകള്‍ക്ക് എല്‍ ഒന്ന് സ്റ്റാറ്റസ് നല്‍കിയിരിക്കുന്നു. എല്‍ ഒന്ന് സ്റ്റാറ്റസ്സില്‍ നിന്നും ഷൊര്‍ണൂരിനെ ഒഴിവാക്കി എന്നു മാത്രമല്ല എല്‍ രണ്ട് സ്റ്റാറ്റസ്സിനു പോലും ഉള്ള യോഗ്യത നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന് കീഴിലുള്ള നോര്‍ത്തേണ്‍ റീജിയണില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവയാണ് എല്‍ രണ്ട് സ്റ്റാറ്റസ് ലഭിച്ചിരിക്കുന്ന ഓഫിസുകള്‍.
ഇടുക്കി ജില്ലയിലെ തൊടുപുഴ സോര്‍ട്ടിങ്ങ് ഓഫിസിനു പോലും എല്‍ രണ്ട് സ്റ്റാറ്റസ് നല്‍കിയിട്ടു പോലും ഷൊര്‍ണൂരിനെ പരിഗണിച്ചില്ല എന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
പാര്‍സല്‍ യൂനിറ്റ് അടച്ചു പൂട്ടലിനെതിരേ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."