കൊടുങ്ങല്ലൂര്‍ നഗരഹൃദയത്തിലെ ജലപാതകള്‍ നവീകരിക്കുന്നു
കൊടുങ്ങല്ലൂര്‍: ഒടുവില്‍ നഗരഹൃദയത്തിലെ ജലപാതകള്‍ നവീകരിക്കുന്നു. കൊടുങ്ങല്ലൂര്‍ നഗരത്തിലെ കാവില്‍ക്കടവ് ശൃംഗപുരം തോടുകളാണു ഏറെക്കാലത്തിനു ശേഷം ശുചീകരിക്കുന്നത്.
കനോലി കനാലില്‍ നിന്നും നഗരത്തിലേക്കു കയറി നില്‍ക്കുന്ന രണ്ടു തോടുകളും ശുചീകരിക്കുന്നതിനായി 16 ലക്ഷം രൂപ വീതമുള്ള പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തോടുകളിലെ മാലിന്യം പുറത്തെടുത്തു നീക്കം ചെയ്യുന്ന പ്രവൃത്തി പരിസരവാസികളുടെ മേല്‍നോട്ടത്തില്‍ നടത്തുകയാണു നഗരസഭയുടെ ലക്ഷ്യം. കാവില്‍ക്കടവ് തോടിന്റെ ഇരുകരകളിലുമുള്ള താമസക്കാര്‍ ഉള്‍പ്പെടുന്ന കമ്മറ്റിക്കായിരിക്കും ശുചീകരണത്തിന്റെ മേല്‍നോട്ട ചുമതല.
തോടുകള്‍ ശുചീകരിച്ച ശേഷം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ചു സൗന്ദര്യവല്‍ക്കരിക്കുന്ന 35 ലക്ഷം രൂപ വിതം ചിലവു വരുന്ന പദ്ധതിയും നഗരസഭ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ നഗരത്തിന്റെ വാണിജ്യ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്തു കാവില്‍ക്കടവ് ശൃംഗപുരം തോടുകള്‍. ചരക്കു വള്ളങ്ങള്‍ ഊഴം കാത്തു കിടന്നൊരു ചരിത്രം ഈ ജലപാതകള്‍ക്കുണ്ട് .
സമീപ കാലം വരെ എറണാകുളം മാര്‍ക്കറ്റില്‍ നിന്നും ചരക്കുമായി കെട്ടുവള്ളം കാവില്‍ക്കടവ് തോട്ടില്‍ വന്നിരുന്നു. എന്നാലിന്നു നഗരത്തിലെ മാലിന്യമത്രയും പുറം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുന്നു ഇത്. നവീകരണ പദ്ധതിയുടെ ഭാഗമായി തോട്ടില്‍ മാലിന്യം വന്നടിയുന്നതു തടയുക കൂടി ചെയ്യുമെന്നു അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."