മാനസികാരോഗ്യം: സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റ് രോഗങ്ങള്‍ വന്ന് സുഖം പ്രാപിച്ചാല്‍ സമൂഹം സ്വീകരിക്കുമെങ്കിലും മാനസിക രോഗം വന്ന് സുഖപ്പെട്ടവരെ സമൂഹം അംഗീകരിക്കാത്ത ദു:സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആര്‍ക്കും വരാവുന്ന രോഗമാണ് മാനസിക രോഗം. ഇത് മറ്റസുഖങ്ങളെപ്പോലെയാണ്. അതിനാല്‍ തന്നെ സമൂഹത്തിന്റെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച സ്‌നേഹക്കൂട് പുന:രധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍, ടിസ്സ്, ഹാന്‍സ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് ഈ പദ്ധതിയാവിഷ്‌കരിച്ചിരിക്കുന്നത്.
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങളുമായി സഹകരിച്ച് തുടങ്ങാനുദ്ദേശിച്ച പുന:രുദ്ധാരണ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ കാലതാമസം വന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥയും പ്രകടിപ്പിച്ചു.
ആരംഭഘട്ടത്തില്‍ തന്നെ ആ പദ്ധതി ഫലപ്രദമായി നടപ്പാക്കേണ്ടതായിരുന്നു. അതുകൂടി സജ്ജമായിരുന്നെങ്കില്‍ ബന്യാന് മറ്റ് രണ്ട് കേന്ദ്രങ്ങളിലെ ആള്‍ക്കാരെ മാത്രം താമസിപ്പിച്ചാല്‍ മതിയാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പുന:രധിവാസ ധാരണാപത്രവും കൈമാറി. കൂടാതെ നാല് കോടി രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികിത്സാ നിരീക്ഷണ വാര്‍ഡിന്റെ ശിലാഫലക അനാഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷിജു ഷെയ്ക്, ഹിന്ദു പത്രത്തിന്റെ ചെയര്‍മാന്‍ എന്‍. റാം, ദി ബന്യാന്‍ അഡൈ്വസറും മുന്‍ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ്, ദി ബന്യാന്‍ പ്രതിനിധി ഡോ. വന്ദന ഗോപികുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍, ടിസ്, ഹാന്‍സ് പ്രതിനിധികളായ ഡോ. പരശുരാമന്‍, ഡോ സാലിഖ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, ഡോ. ജോസ് ഡിക്രൂസ്, ഡോ. കിരണ്‍ പി.എസ്., മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാഗര്‍ ടി. പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."