തെരഞ്ഞെടുപ്പ് തോല്‍വി: കുമ്മനവും വെള്ളാപ്പള്ളിയും കൂടിക്കാഴ്ചനടത്തി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് -ബി.ജെ.പി സഖ്യം പ്രതീക്ഷിച്ച വിജയമായില്ലെന്ന് വിലയിരുത്തി കുമ്മനവും വെള്ളാപ്പള്ളിയും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇന്നലെ കണിച്ചുകുളങ്ങരയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത് തെരഞ്ഞെടുപ്പ് തോല്‍വി തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ കുമ്മനം രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തി. ബി.ഡി.ജെ.എസ് ഏറെ പ്രതീക്ഷ പുലര്‍ത്തിയ പലമണ്ഡലങ്ങളിലും ബി.ജെ.പി കൂടുതല്‍ സഹകരിച്ചില്ലെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിച്ചുവെന്നാണ് അറിയുന്നത്. ചിലയിടങ്ങളില്‍ എന്‍.എസ്.എസിന് വഴങ്ങി കാലുവാരിയെന്ന ധ്വനിയും വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി.
ഇതിനുദാഹരണമായി വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചത് കുട്ടനാട്ടിലെ തോല്‍വിയാണ്. പ്രധാന മന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഇവിടെ മത്സരിച്ചത് ബി.ഡി.ജെ.എസിന്റെ സമുന്നത നേതാവ് സുഭാഷ് വാസുവായിരുന്നു. ബി.ജെ.പിക്കും എസ്.എന്‍.ഡി.പിക്കും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കുട്ടനാട്. എന്നാല്‍ ജയിച്ചത്് ഇടതുപക്ഷ സ്ഥാനാര്‍ഥിയായ തോമസ് ചാണ്ടിയായിരുന്നു.സുഭാഷ് വാസു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിജയിച്ചില്ലെങ്കിലും പലയിടത്തും ജയപ്രതീക്ഷ പുലര്‍ത്താനായത് വലിയ കാര്യമായാണ് കുമ്മനം വ്യക്തമാക്കിയത്. എസ്.എന്‍.ഡി.പിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍ ബി.ഡി.ജെ.എസിന് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകാതിരുന്നതും ചര്‍ച്ചയായി. സഖ്യത്തിന്റെ തുടര്‍ സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."