ആ'ശങ്ക' കള്‍ക്ക് പരിഹാരമില്ല
കൊട്ടാരക്കര: താലൂക്കിലെ പ്രധാന ടൗണുകളില്‍ ഒന്നും ആ 'ശങ്ക' അകറ്റാന്‍ മാര്‍ഗമില്ലാതെ വലയുകയാണ് ജനം. മുന്‍സിപ്പാലിറ്റിയും പഞ്ചായത്തും ഭരിക്കുന്ന ജനനേതാക്കള്‍ മാറ്റി വക്കാന്‍ കഴിയാത്ത ഈ ജനാവശ്യത്തിനുനേരെ നിര്‍ദയമായി കണ്ണടക്കുന്നു. പുരുഷന്മാര്‍ മറവുകള്‍ തേടി പോകുമ്പോള്‍ സ്ത്രീകള്‍ ഒരു നിര്‍വാഹവുമില്ലാത്ത അവസ്ഥയിലാണിവിടെ.
ജനബാഹുല്യം അനുഭവപ്പെടുന്ന കൊട്ടാരക്കര ടൗണില്‍ പോലും മുന്‍സിപ്പാലിറ്റിക്ക് സ്വന്തമായി ഒരു പൊതു ശൗചാലയം ഇല്ല. പഞ്ചായത്തില്‍ ഷോപ്പിങ് കോപ്ലക്‌സില്‍ ഉണ്ടായിരുന്ന പൊതു ശൗചാലയം അടച്ചുപൂട്ടിയിട്ട് 5 വര്‍ഷത്തിലധികമായി. പൊലിസ് സ്റ്റേഷനും റവന്യൂ ഓഫിസുകളും മറ്റ് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കൊട്ടാരക്കര കച്ചേരിമുക്കിലും ശൗചാലയമില്ല. കിഴക്കന്‍ മേഖലയിലെ പ്രധാന ടൗണായ പുലമണില്‍ പോലും ഒരു പൊതു ശൗചാലയം നിര്‍മിക്കാന്‍ മുന്‍സിപ്പാലിറ്റിക്ക് ആയിട്ടില്ല. എം.സി.റോഡും ദേശീയപാതയും കടന്നുപോകുന്ന ഇവിടം ദീര്‍ഘദൂര യാത്രക്കാരുടെ ഇടത്താവളമാണ്. ജില്ലയില്‍ കശുവണ്ടി വ്യവസായത്തിന്റേയും മറ്റ് ഇതര വ്യവസായങ്ങളുടേയും പ്രധാന കേന്ദ്രമായ പുത്തൂരിലും ഇതാണ് സ്ഥിതി.
മൂന്നു പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായിട്ടും ഒരു പഞ്ചായത്തും ഈ വിഷയം ഗൗരവത്തില്‍ എടുത്തിട്ടില്ല. നെടുവത്തൂര്‍ പഞ്ചായത്ത് വക കിഴക്കേ ചന്തയില്‍ ആധുനിക രീതിയില്‍ ഒരു പൊതു ശൗചാലയം നിര്‍മിച്ചിരുന്നു. ഇത് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാതെ വന്‍ വാടക ലഭിച്ചപ്പോള്‍ പുനര്‍ നിര്‍മിച്ച് ബിവറേജസിന് വിട്ടു നല്‍കുകയാണ് ഉണ്ടായത്. എഴുകോണ്‍ മാര്‍ക്കറ്റിലും പഞ്ചായത്ത് ഓഫിസിനു സമീപം ഉണ്ടായിരുന്ന ശൗചാലയം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ നിര്‍മിച്ച ശൗചാലയം തകരാറിലായിട്ട് ഒരു വര്‍ഷത്തോളമായി.
കലയപുരത്ത് പബ്ലിക് മാര്‍ക്കറ്റിനുള്ളിലാണ് ഒരു ശൗചാലയം ഉള്ളത്. ഇതിന്റെ പരിസരത്തേക്ക് ആളുകള്‍ക്ക് പോകാന്‍ കഴിയാത്ത വിധം മലീനസമായികിടക്കുന്നു. വ്യാപാരകേന്ദ്രമായ പുവറ്റൂര്‍ ടൗണിലെ പഞ്ചായത്ത് ഓഫിസ് ഉള്‍പ്പടെ സ്ഥിതിചെയ്യുന്ന മാവടി ജങ്ഷനിലും പൊതു ശൗചാലയങ്ങളില്ല.
വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളാണ് ശൗചാലയം മില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറ്റവും അനുഭവിക്കുന്ന വിഭാഗം. മിക്ക വ്യാപാരസ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ശൗചാലയങ്ങള്‍ ഇല്ല. രാവിലെ ജോലിക്ക് എത്തുന്ന ഇവരിലധികവും സന്ധ്യ കഴിഞ്ഞ് വീടുകളില്‍ എത്തിയാണ് ശങ്ക അകറ്റുന്നത്.
പകല്‍ സമയങ്ങളില്‍ പുറത്ത് എവിടെയെങ്കിലും പോയി ശങ്കഅകറ്റാമെന്ന് വച്ചാല്‍ അധികസമയം എടുക്കാന്‍ സ്ഥാപന ഉടമ അനുവദിക്കുകയുമില്ല. ഇങ്ങനെ ജോലി ചെയ്യേണ്ടുന്ന സ്ത്രീകള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നു .
കോടികള്‍ മുടക്കി ഹൈമാസ്‌ക് ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ച വിപ്ലവത്തിലൂടെ കീശ വീര്‍പ്പച്ചുവരുന്ന പ്രാദേശിക ഭരണകൂടങ്ങളും മറ്റു ജനപ്രതിനിധികളും ജനങ്ങളുടെ പ്രാഥമിക ആവശ്യമെന്ന അനിവാര്യതക്കെതിരെ കണ്ണടയ്ക്കുകയാണ്. ഇതില്‍ നിന്നും വലിയ ലാഭം ഉണ്ടാകില്ലെന്നറിയുന്നത് കൊണ്ടാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."