കാട്ടുതീ കുരുതിക്കിടയിലും ഉല്ലാസത്തിമിര്‍പ്പില്‍ തമിഴ്‌നാട് മന്ത്രിമാര്‍
തൊടുപുഴ: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാട്ടുതീയില്‍പ്പെട്ടപ്പോള്‍ തമിഴ്‌നാട് മന്ത്രിമാര്‍ ഉല്ലാസത്തിമിര്‍പ്പില്‍. മന്ത്രിമാരായ സെല്ലുര്‍ രാജു, ദിണ്ഡുക്കല്‍ ശ്രീനിവാസന്‍, ഉദയകുമാര്‍ എന്നിവരാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ സെല്‍വത്തിന്റെ മകന്റെ പാര്‍ട്ടിയിലെ സ്ഥാനാരോഹണ ചടങ്ങ് കൊഴുപ്പിച്ചത്.
വൈകീട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ 75 ാം ജന്മദിനാചരണ ചടങ്ങ് തേനിയില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 7070 പേര്‍ക്ക് ആട്, കോഴി, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സൗജന്യമായി നല്‍കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ മറവില്‍ ഒ. പന്നീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥിനെ ഔദ്യോഗികമായി പാര്‍ട്ടിയുടെ തേനി ജില്ലാ സെക്രട്ടറിയാക്കുന്ന ചടങ്ങാണ് നടത്തിയത്. പാര്‍ട്ടിയുടെ യുവജന വിഭാഗം തേനി സെക്രട്ടറിയായിരുന്നു രവീന്ദ്രനാഥ്. എന്നാല്‍ അഴിമതിയും പാര്‍ട്ടി വിരുദ്ധ പരിപാടിയും നടത്തിയതോടെ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിത പുറത്താക്കിയിരുന്നു. മാത്രമല്ല യാതൊരു കാരണവശാലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കരുതെന്ന നിര്‍ദ്ദേശവും ജയലളിത നല്‍കിയിരുന്നു.
ജയലളിത മരിച്ചതോടെയാണ് പന്നീര്‍സെല്‍വം മകനെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് അവരോധിക്കുന്ന ചടങ്ങ് ജന്മദിനം മറയാക്കി നടത്തിയത്. ഈ ചടങ്ങ് നടക്കുമ്പോഴാണ് കൊരങ്ങിണിയില്‍ ട്രക്കിംഗിന് പോയവര്‍ കാട്ടുതീയില്‍പ്പെട്ടതായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരം ലഭിച്ചത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങിന്റെ റിപ്പോര്‍ട്ടിംഗ് മതിയാക്കി സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. മാത്രമല്ല കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ പോലും രാത്രി ഒന്‍പതരയോടെ സംഭവ സ്ഥലത്തെത്തി. എന്നാല്‍ ചടങ്ങ് അവസാനിച്ച് പത്തോടെയാണ് ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബോഡി നായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്.
എട്ടോളം പേര് മരിച്ചതായി വിവരം ലഭിച്ചെങ്കിലും ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല സര്‍ക്കാര്‍ ഇത് തികഞ്ഞ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. ദുരത്തിന്റെ വ്യാപ്തി മനസിലാക്കിയതോടെ ഉപമുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും രാത്രിയോടെ കൊരങ്ങിണിയില്‍ എത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. സര്‍ക്കാറിന്റെ ഉദാസീന നിലപാടു മൂലണ് മൃതദേഹങ്ങള്‍ ഒരു ദിവസം വൈകി കണ്ടെടുക്കാന്‍ കാരണം. ഇത് തമിഴ്‌നാട്ടിലെ സാമൂഹ്യ മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."