കേരള വനമേഖലയില്‍ ട്രക്കിങ്ങിനു നിരോധനം; വനം വകുപ്പ് കര്‍ശന പരിശോധനയ്ക്ക്
തൊടുപുഴ: സംസ്ഥാനത്തു വനങ്ങളിലേക്കുള്ള ട്രക്കിങ് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. ഇതുപ്രകാരം കേരളത്തിലെ എല്ലാ വനമേഖലകളിലേക്കുമുള്ള ട്രക്കിങ്ങിനു താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു.
ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും സംയുക്തമായാണ് ഇതുസംബന്ധിച്ച നിര്‍ദേശം വനം-ടൂറിസം വകുപ്പിനു നല്‍കിയത്.
തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നാണ് അടിയന്തര നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രക്കിങ് നിര്‍ത്തിവയ്ക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. അനുവാദമില്ലാതെ പൊതുജനങ്ങള്‍ക്കു വനമേഖലയില്‍ പ്രവേശനമില്ല.
ട്രക്കിങ് ഉള്‍പ്പെടെ വനമേഖലയില്‍ സംഘടിപ്പിക്കാനിരുന്ന എല്ലാ പരിപാടികള്‍ക്കും താല്‍കാലിക വിലക്ക് എര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ട്രക്കിങ്ങിനായി വനംവകുപ്പ് വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതു ബാധകമാണ്.
ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വൈല്‍ഡ്‌ലൈഫ് വാര്‍ഡന്മാരുടെയും നേതൃത്വത്തില്‍ വനങ്ങളില്‍ പരിശോധന നടത്തും. കാട്ടുതീ തടയുന്നതിനു തയാറാക്കിയിരിക്കുന്ന 'ഫയര്‍ ലൈനു'കളെല്ലാം പരിശോധിക്കും. അപകടസാധ്യതയില്ലെന്നു കണ്ടാല്‍ മാത്രമേ വനമേഖലയിലേക്ക് ഇനി പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍മാരുടെ അന്തിമാനുവതിയും ഇക്കാര്യത്തില്‍ നിര്‍ബന്ധമാക്കും.
അഥവാ വനമേഖലയിലേക്കു പ്രവേശനം അനുവദിച്ചാല്‍ തന്നെ കാട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് യാത്രയ്ക്കു മുന്‍പ് 15 മിനിറ്റ് ബോധവത്കരണവും ഉറപ്പാക്കും.
തീപിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും വനത്തിനകത്തേക്ക് അനുവദിക്കുകയില്ല. യാത്രക്കാര്‍ക്കൊപ്പം പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യത്തിനു വെള്ളമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."