അഗ്നിബാധ: ഏക്കര്‍ കണക്കിന് തോട്ടം കത്തി നശിച്ചു
ഏറ്റുമാനൂര്‍: കാണക്കാരിയിലും കോതനല്ലൂരിലും മുട്ടുചിറയിലും ഇന്നലെയുണ്ടായ അഗ്‌നിബാധയില്‍ ഏക്കറ് കണക്കിന് തോട്ടം കത്തി നശിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ കാണക്കാരി പള്ളിപടിയ്ക്കു സമീപം ഉണ്ടായ അഗ്‌നിബാധയില്‍ ഒന്നര ഏക്കര്‍ സ്ഥലം കത്തി നശിച്ചു. വാഴക്കാലായില്‍ റിക്കി ജോയിയുടെ ഒരു ഏക്കര്‍ സ്ഥലത്തും ചേര്‍ന്നു കിടക്കുന്ന വാഴക്കാലായില്‍ തെരേസാ ജോര്‍ജിന്റെ പുരയിടത്തിലുമാണ് തീ പടര്‍ന്നത്. റബ്ബര്‍ തോട്ടമായിരുന്നപ്പോള്‍ ഇടവിളയായി നട്ട കാട്ടുപയര്‍ പടര്‍ന്ന് കാടു പിടിച്ച സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്. പുരയിടത്തിനു മുകളിലൂടെയുള്ള വൈദ്യുതി കമ്പികള്‍ കാറ്റത്തുലഞ്ഞ് കൂട്ടിമുട്ടിയപ്പോള്‍ തീപ്പൊരി ചിതറിയതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് സമീപവാസികള്‍ പറഞ്ഞു.കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയെങ്കിലും വാഹനം കടന്നു പോരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്ന് അയല്‍വാസികളുടെ കിണറ്റില്‍ നിന്നും വെള്ളം കോരിയൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. ടാങ്കര്‍ ലോറിയില്‍ എത്തിച്ച വെള്ളവും ഉപകാരപ്പെട്ടു.
പിന്നാലെ കോട്ടയത്തുനിന്നും ചെറിയ ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.കാട് പിടിച്ച് കിടന്ന പറമ്പിലെ മരങ്ങള്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. കോതനല്ലൂര്‍ വില്ലേജ് ഓഫീസിനു സമീപം റബ്ബര്‍ തോട്ടത്തിനാണ് തീ പിടിച്ചത്.കടുത്തുരുത്തി മുട്ടുചിറയ്ക്ക് സമീപം മേട്ടുപാറ ഷാപ്പിനടുത്തും അഗ്‌നിബാധയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."