റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു; അധികൃതര്‍ നിസംഗതയില്‍
പൂച്ചാക്കല്‍: റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. അധികൃതര്‍ നിസംഗതയില്‍. മാലിന്യ സംസ്‌കരണത്തിനും സംവിധാനമുണ്ടാക്കും പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനങ്ങള്‍ കടലാസിലാണ്.
തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ പാലം,ചീരാത്ത് കാട്,മാക്കേക്കവല, വല്യാറപ്രദേശം,തൈക്കാട്ടുശേരി ഫെറി റോഡ് എന്നിവിടങ്ങളിലാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. പരാതികള്‍ പതിവാകുമ്പോഴും മാലിന്യം തള്ളുന്നതിന് നിയന്ത്രണമില്ലാതെ തുടരുകയാണ്. പൂച്ചാക്കല്‍ പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഹോട്ടല്‍ മാലിന്യങ്ങള്‍, മത്സ്യ, മാംസ പച്ചക്കറിയുടെ അവശിഷ്ടങ്ങളാണ് കൂടുതലായും ഈ പ്രദേശത്ത് വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുന്നത്. കൂടാതെ കക്കൂസ് മാലിന്യങ്ങളും ഇവിടെ തള്ളാറുണ്ട്. നിയമങ്ങള്‍ കാറ്റില്‍ പറത്തി മാലിന്യ നിക്ഷേപകര്‍ വിലസുമ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രദേശത്ത് ആക്ഷേപം നിലനില്‍ നില്‍ക്കുകയാണ്. മാലിന്യങ്ങളുടെ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തിയാണ് കാല്‍നടയാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി വാഹനത്തിലാണ് രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്.
തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനായി നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.കാമറ നിര്‍മ്മിക്കുന്നതിനായി കെല്‍ട്രോണ്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമെറ്റ് ജോലികള്‍ പൂര്‍ത്തിയായി. ഇതിനായി പഞ്ചായത്ത് ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍.സജി അറിയിച്ചു. കാമറ സ്ഥാപിക്കുന്നതോടൊപ്പം മാലിന്യ സംസ്‌കരണ കേന്ദ്രം കൂടി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."