സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ അഭിരുചി വികസിപ്പിക്കുന്ന കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകള്‍ കണ്ടെത്താനും അഭിരുചിക്കനുസൃതമായി പരമാവധി വികസിപ്പിക്കാനുമുള്ള പൊതു ഇടങ്ങളായി സ്‌കൂളുകള്‍ മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കുട്ടികള്‍ക്കും കലാ, കായിക, പ്രവൃത്തിപരിചയ വിദ്യാഭ്യാസം കിട്ടത്തക്ക രീതിയില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസമേഖല അരക്ഷിതാവസ്ഥയിലായ മുന്‍വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നാംക്‌ളാസില്‍ പ്രവേശനം നേടിയത്. 2014 ല്‍ ഇത് 2.94 ലക്ഷമായിരുന്നു. ഏതാണ്ട് മൂന്ന് ലക്ഷം കുട്ടികളാണ് ഇന്നലെ ഒന്നാം ക്‌ളാസില്‍ പ്രവേശനം നേടിയത്. അക്ഷരത്തിന്റെ ലോകത്തിലേക്ക് പ്രവേശിച്ച കുരുന്നുകള്‍ക്ക് ഹാര്‍ദമായ അഭിവാദ്യം.സംസ്ഥാനതലംമുതല്‍ സ്‌കൂള്‍തലംവരെ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മധുരം നല്‍കിയും പാട്ട് പാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചുമാണ് കുട്ടികളെ സ്‌കൂളുകളില്‍ വരവേറ്റത്. പ്രവേശനോത്സവം വിജയകരമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു-പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."