മികവുത്സവങ്ങള്‍ സ്‌കൂള്‍ മുറ്റത്തുനിന്ന് പൊതുസ്ഥലങ്ങളിലേക്ക്
ചെറുവത്തൂര്‍: സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് മുന്നില്‍ നടന്നിരുന്ന മികവുത്സവങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക്. വിദ്യാലയത്തിന്റെ പരിധിയിലുള്ള ഏതെങ്കിലും പൊതുഇടം കണ്ടെത്തി പരിപാടി നടത്താനാണ് നിര്‍ദേശം.
സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുക, വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹത്തിലെത്തിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 15 നകം എല്ലാ വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ മികവുത്സവങ്ങള്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍ തമ്മിലുള്ള മത്സര സ്വഭാവത്തിലേക്ക് മികവുത്സവങ്ങള്‍ മാറിയിരുന്നു.
ഇക്കുറി അടിമുടി മാറ്റത്തോടെയാണ് മികവുത്സവങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ നീളുന്നതാകും പരിപാടി. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയ്ക്ക് മുഖ്യപരിഗണന ലഭിക്കുന്ന തരത്തില്‍ കുട്ടികളുടെ അക്കാദമിക മികവാണ് പൊതുസമൂഹവുമായി പങ്കുവയ്ക്കുക.
യുവജനോത്സവരീതിയിലേക്ക് പരിപാടി മാറാതിരിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ട്. കുട്ടികളുടെ പഠന തെളിവുകളും, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും പ്രദര്‍ശിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കേരളത്തനിമയുള്ള രീതിയിലാകും പ്രചരണം.
മലയാളത്തിളക്കം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍ വായനയുടെ മികവു ബോധ്യപ്പെടുത്തല്‍, ലഘു ശാസ്ത്ര പരീക്ഷണം, ഗണിത പസിലുകള്‍ എന്നിവയെല്ലാം അവതരിപ്പിക്കും. ഒന്നിലധികം വിദ്യാലയങ്ങള്‍ ഒരിടത്ത് വരുന്ന പക്ഷം മികവുത്സവങ്ങള്‍ക്കായി വേദികള്‍ പരസ്പര സഹകരണത്തോടെ തീരുമാനിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് മികവുത്സവം നടക്കുക. വരും വര്‍ഷം ഓരോ ക്ലാസിലും പത്തു ശതമാനം കുട്ടികളുടെ വര്‍ധനവ് ലക്ഷ്യമിടുന്നുണ്ട്. ഇതിനു പൊതുഇടങ്ങളിലെ മികവുത്സവങ്ങള്‍ സഹായകരമാകും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."