കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ പരിഗണനയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ആലോചനയിലാണെന്നും എന്നാല്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ അക്കാര്യം പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ ചില നിര്‍ദേശങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ യൂനിയനുകളുടെയും സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയെ മറയാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം 56ല്‍ ഏകീകരിച്ചപ്പോള്‍ പ്രതിഷേധസമരം നടത്തിയവരാണ് ഇന്ന് ഭരണത്തിലുള്ളത്. കേരളം കത്തുമെന്നായിരുന്നു അന്നത്തെ ഇടതു യുവ എം.എല്‍.എമാരുടെ ആക്രോശം. ഇന്നത്തെ സ്പീക്കര്‍ തന്നെ അന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് അവരൊക്കെ അല്‍ഷിമേഴ്‌സ് പിടിപെട്ടവരെ പോലെയാണ് പ്രതികരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് 60 ആക്കണമെന്നാണ്. വസ്തു വില്‍പ്പന പോലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ചും ലേലംവിളി നടക്കുകയാണെന്നും ബല്‍റാം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ 40,000ത്തോളം പെന്‍ഷന്‍കാരും 39000ത്തോളം ജീവനക്കാരുമാണുള്ളത്. അവരെയും കുടുംബത്തെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന്‍പ്രായം 58 ആക്കണമെന്ന് എം.ഡി പറഞ്ഞതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും രണ്ടു നിലപാടാണ് എല്‍.ഡി.എഫിനുള്ളത്.
ഇത് അവരുടെ ജനിതക വൈകല്യമാണെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. ഒ.രാജഗോപാലും പ്രതിപക്ഷത്തിനൊപ്പം വാക്കൗട്ട് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."