മദ്യം കീഴടക്കുന്ന ഭരണമനസ്സുകള്‍
സുധീരനെ ഒറ്റ രാത്രികൊണ്ടു വെട്ടിലാക്കി ഉമ്മന്‍ചാണ്ടി പൂട്ടിച്ച 500 കള്ളുഷാപ്പുകളും 152 ബാറുകളും സുപ്രിംകോടതി വിധി മറയാക്കി രാമകൃഷ്ണന്‍ തുറക്കുകയാണ്.
മദ്യനിരോധനമല്ല മദ്യവര്‍ജനമാണു സി.പി.എമ്മിന്റെ നയം. യഥേഷ്ടം മദ്യം ലഭ്യമാക്കി കുട്ടികള്‍ക്കടക്കം കുടിപരിശീലനത്തിനു സൗകര്യമൊരുക്കി കുടിപ്പിച്ചു കുടിപ്പിച്ചു വര്‍ജനത്തിലേയ്ക്കു നയിക്കാമെന്നതാണു സി.പി.എം തത്വശാസ്ത്രം. ഇത് ഒരുതരം അത്യാധുനിക കവിതപോലെ അര്‍ഥം പിടികൊടുക്കാത്ത ആശയമാണ്.
മദ്യം കിട്ടിയില്ലെങ്കില്‍ ടൂറിസം ആപ്പിലാവുമെന്നായിരുന്നു മുന്‍ നിലപാട്. പുതിയ കണക്കു വന്നപ്പോള്‍ മദ്യമില്ലാത്ത കേരളത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവു രേഖപ്പെടുത്തി. ബാര്‍കോഴ യാഥാര്‍ഥ്യമായിരുന്നോ. വാങ്ങിയവരാണോ അന്നു കോലാഹലമുണ്ടാക്കിയത്. ഇപ്പോഴിങ്ങനെ വായിക്കാന്‍ ഇടതുപക്ഷത്തിന്റെ മദ്യനയം നമ്മെ നിര്‍ബന്ധിക്കുന്നു.
ജനപക്ഷം ഇടതുപക്ഷം കൈയൊഴിയുന്ന അവസ്ഥ പുതുമയല്ല. കാല്‍നൂറ്റാണ്ടു ഭരിച്ച ത്രിപുര ഇടതിനെ വിട്ടത് ആഴത്തില്‍ പഠിക്കുമെന്നാണു യെച്ചൂരി പറയുന്നത്. അവിടെ പാര്‍ട്ടി അടിത്തറക്കിളക്കമില്ലെന്നു പിണറായി പറയുന്നുണ്ട്. 49-ല്‍ നിന്നു സീറ്റ് 15 ആയി കുറഞ്ഞു. വോട്ട് ഷെയര്‍ 56-ല്‍ നിന്ന് നാല്‍പതില്‍ താഴെയായി. എന്നിട്ടും അടിത്തറ ഭദ്രമാണെന്നു പറയാന്‍ അപാര ചര്‍മസൗഭാഗ്യം അനിവാര്യമാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടും കടകളും തകര്‍ക്കുന്നു. പാര്‍ട്ടി ഓഫീസുകള്‍ കൈയേറുന്നു. സഖാവ് ലെനിന്റെ പ്രതിമയും തകര്‍ത്തു. ഇനി ഇന്ത്യയിലെല്ലായിടത്തും പ്രതിഷേധം ഉയര്‍ത്തുമെന്നാണു പാര്‍ട്ടി സെക്രട്ടറി പത്രക്കാരെ അറിയിച്ചത്. കേരളത്തില്‍പോലും പാര്‍ട്ടിക്കതിനു കഴിയുമോയെന്ന ശങ്കയല്ല, ചോദ്യം നിലനില്‍ക്കുന്നുണ്ട്.
അംഗത്വം കൂടിയെന്നാണു പാര്‍ട്ടി റിപ്പോര്‍ട്ടിലുള്ളത്. ജനസംഖ്യാ വര്‍ധനവിന്റെ അനുപാതത്തില്‍ കൂടിയോ. പാലക്കാടും എലത്തൂരും കല്‍പ്പറ്റയിലും കൂത്തുപറമ്പിലും വടകരയിലും തോറ്റപ്പോഴും ജനതാദള്‍ യു വിന്റെ അംഗത്വത്തില്‍ ഇടിവായിരുന്നില്ലല്ലോ.മദ്യം സി.പി.എമ്മിന്റെ ധനതത്വശാസ്ത്രപരമായ അടിത്തറയാണ്. ഒരു ജനതയെ പിറകോട്ടു നടക്കാന്‍ നിര്‍ബന്ധിക്കുന്നതാണു ലഹരി വ്യാപനം.അമ്മയെ വെട്ടിക്കൊല്ലുന്നു, അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തുന്നു, അഞ്ചുവാഹനങ്ങള്‍ ഒരേയവസരം ഇടിച്ചുതെറിപ്പിക്കുന്നു. പട്ടാപ്പകല്‍ ഇരുകരവും നീട്ടി കൈക്കൂലി ചോദിച്ചു വാങ്ങുന്നു. ഓഫീസിലും പുറത്തും വീട്ടിലും കലഹവും കലമ്പലുമുണ്ടാക്കുന്നു. പണിയെടുക്കാതെ പകലുറക്കം പതിവാക്കുന്നു. എല്ലാം ലഹരി തീര്‍ത്ത മൂല്യച്യുതികള്‍.
ലോകത്തൊരിടത്തും മദ്യം നിരോധിക്കാത്തതിനാല്‍ തങ്ങളായിട്ടതിനു മുതിരുന്നില്ലെന്നാണ് എക്‌സൈസ് മന്ത്രിയുടെ ന്യായ പ്രമാണം. മയക്കുമരുന്നു തടയാന്‍ മദ്യം ലഭ്യമാക്കുകയാണു പരിഹാരമെന്ന വാദവും ഭരണകൂടത്തിനുണ്ട്. പൊതുവെ കമ്യൂണിസം വരട്ടുതത്വശാസ്ത്രമാണെന്ന് എങ്ങുമെത്താത്ത പാത ഒരുക്കുന്നവര്‍ ഒരിക്കലും പുലരാത്ത ആശയം പറയുന്നവര്‍. എന്നാല്‍, ഇത്രമേല്‍ ഡ്രൈ ആയ ഒരു നിരീക്ഷണം മദ്യവിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായതു പരിഹാസ്യമായി.
മയക്കുമരുന്നുപയോഗം തടയാന്‍ എളുപ്പമാര്‍ഗം മുഴത്തിനു മുഴത്തിനു മദ്യം ലഭ്യമാക്കലാണെന്നു പറയാന്‍ ചെറിയ തൊലിക്കട്ടി മതിയാവില്ല. മദ്യം വന്‍ ആള്‍നാശവും വരുത്തുന്നു. രോഗം നിയന്ത്രണാതീതമായി വളരുന്നു.
21 മാസത്തിനിടയില്‍ 12,898 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ നാലായിരത്തിലധികം പുതിയ കാന്‍സര്‍ രോഗികള്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മാത്രം ചികിത്സ തേടി എത്തി. ഇവിടെയെല്ലാം മദ്യവും പുകയിലയും മയക്കുമരുന്നും പ്രധാന കാരണക്കാരനാണ്. എന്നിട്ടും ബ്രാഞ്ച്, ലോക്കല്‍, എരിയ, ജില്ല സംസ്ഥാനതലത്ത് പണമൊഴുക്കുന്ന പൊന്നു കായ്ക്കുന്ന മരമായി മദ്യം നിലനിര്‍ത്താനാണു കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. എല്ലാ ധാര്‍മികമൂല്യങ്ങളും മറന്നു മദ്യശാലകള്‍ തുറക്കാനുള്ള താക്കോലുമായി ഓടിനടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആപ്പീസ് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പൂട്ടിക്കാതിരിക്കുമോ.
സര്‍ക്കാര്‍ ഖജനാവും പാര്‍ട്ടി ഖജനാവും പിന്നെ പ്രാദേശികനേതാക്കളുടെ സൈഡ് ബിസിനസുമായി നിലനിര്‍ത്തുന്ന മദ്യം തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍, ചെറുപ്പത്തിലേ കരിഞ്ഞു പോകുന്ന ബാല്യങ്ങള്‍, തലയണകള്‍ നനഞ്ഞു കുതിര്‍ക്കുന്ന കണ്ണുനീരുകള്‍ ഇതിന്റെയെല്ലാം കാരണക്കാരനാണ്. ലഹരി നിര്‍മിക്കരുത്, വില്‍ക്കരുത്, വാങ്ങരുത്, സഹായിക്കരുത്, ഉപയോഗിക്കരുത് എന്ന് ഇത്ര കണിശമായി ഇസ്‌ലാം വിലക്കിയത് ലഹരി തീര്‍ക്കുന്ന മഹാദുരന്തങ്ങള്‍ പരിഗണിച്ചാണ്.
അഹിംസയായിരുന്നു ബുദ്ധിസ്റ്റുകളുടെ മതതത്വം. ശ്രീബുദ്ധന്‍ മാനസാന്തരം വന്നു ഹിംസ വര്‍ജിച്ച രാജകുമാരനാണെന്നാണു വിശ്വാസം. മ്യാന്‍മറിലെ രാഖൈനിയിലെ ബുദ്ധിസ്റ്റുകള്‍ മുസ്‌ലിംകളോടു കാണിച്ചത് ഇപ്പോള്‍ ശ്രീലങ്കയിലും തുടങ്ങിയിരിക്കുന്നു. പള്ളികള്‍ പൊളിക്കുക, കൊള്ളയടിക്കുക പിന്നെ കൊല്ലുക. റോഹിംഗ്യന്‍ മുസ്‌ലിംകളെ കുഞ്ഞുങ്ങളടക്കം പട്ടിണിക്കിട്ടാണ് മ്യാന്‍മര്‍ ഭരണകൂടവും ബുദ്ധിസ്റ്റുകളും ഇപ്പോള്‍ പീഡിപ്പിക്കുന്നത്. ശ്രീലങ്കയില്‍ വലിയ തോതില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. കലാപത്തില്‍ വീടുകളും സര്‍വസ്വവും നഷ്ടപ്പെട്ട മുസ്‌ലിംകള്‍ നരകയാതനയിലാണ്. ഭരണകൂടങ്ങളും അന്താരാഷ്ട്ര സമൂഹവും കുറ്റകരമായ നിശബ്ദത കുറേ കാലങ്ങളായി തുടരുന്നു.'ആഞ്ഞടി' തുടരുകയാണ്. എല്ലാ ദിവസവും പത്രങ്ങളില്‍ സ്ഥലം പിടിക്കുന്ന മലയാള പദാവലിയാണിപ്പോള്‍ ആഞ്ഞടി. കാനം മാണിക്കെതിരേ, മാണി സി.പി.ഐക്കെതിരേ, പിണറായി പ്രതിപക്ഷത്തിനെതിരേ, ചെന്നിത്തല ഭരണത്തിനെതിരേ... അവസാനം കോടതി പൊലിസിനെതിരേ ആഞ്ഞടിച്ചുവെന്നാണു വാര്‍ത്ത.
ഓഖി പോലുള്ള പ്രകൃതിയുടെ ആഞ്ഞടിക്കല്‍ കൂടിയായാല്‍ സംഗതി കുഴഞ്ഞതു തന്നെ. പ്രഭാതങ്ങളിലെ പ്രധാന ചര്‍ച്ച ആഞ്ഞടി സംബന്ധിച്ചാണ്. ഭാഷ കടുത്തു, വിഷയം കനത്തു. അങ്ങനെ വേണം. ഇസ്മാഈല്‍ പോലും ആഞ്ഞടിച്ചില്ലേ. ഇങ്ങനെ പോകുന്നു ചായക്കടകളിലെ ആഞ്ഞടി വര്‍ത്തമാനങ്ങള്‍. ഇന്ത്യയെ വിഴുങ്ങാന്‍ ആര്‍.എസ്.എസ് തുറന്നുവിട്ട ദുര്‍ഭൂതത്തെ പിടിച്ചുകെട്ടാന്‍ മതേതര കക്ഷികള്‍ ആഞ്ഞടിക്കാന്‍ തയാറാവുകയാണ് ഇക്കാലത്ത് വേണ്ടത്. ആഞ്ഞടിക്കാനുള്ള അവസരങ്ങളൊക്കെ പാഴാക്കി തോറ്റു തുന്നംപാടി ഓഫീസിലിരുന്നു ആഞ്ഞടിക്കുമെന്നു പ്രസ്താവന ഇറക്കുന്നതാണു ദുസ്സഹം. യു.പിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി.എസ്.പി അഭിഷേകിന്റെ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസ് വിജയം ഉറപ്പാക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിലാണ്.
'മകന്‍ മരിച്ചായാലും മരുമകളുടെ കണ്ണീരു കാണാ'ന്‍ കാത്തുനില്‍ക്കുന്ന മനോഭാവത്തിലാണു കോണ്‍ഗ്രസ്. ജാമ്യസംഖ്യ കിട്ടില്ലെന്നുറപ്പുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മിനെ തുണച്ചിരുന്നുവെങ്കില്‍ ത്രിപുരയില്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ ബി.ജെ.പിയിലെത്തിച്ചു. എന്നിട്ട് 'ഫാസിസം' പറഞ്ഞു പ്രസ്താവന ഇറക്കുന്ന പതിവു പണി കോണ്‍ഗ്രസ് പാര്‍ട്ടി നിലനിര്‍ത്തി.
കൊടികുത്ത് നന്നല്ലെന്ന പിണറായിയുടെ ശബ്ദം സി.പി.ഐക്കാരോടുള്ള ഗര്‍വാണെങ്കിലും കാലികമായി. നോക്കുകൂലിയും പിണറായി തള്ളിപ്പറഞ്ഞു. ഒരു പുരുഷായുസ്സ് ഗള്‍ഫില്‍ അധ്വാനിച്ചു മിച്ചംവച്ചതുകൊണ്ട് പിറന്ന നാട്ടിലൊരു ചെറു വ്യവസായമാവാമെന്ന പുനലൂരിലെ സുഗതന്റെ സ്വപ്നമാണ് എ.ഐ.വൈ.എഫുകാര്‍ കൊടികുത്തി തകര്‍ത്തത്. 63,000 രൂപ പോക്കറ്റ് മണിയും ഇവര്‍ കൈപറ്റിയിരുന്നുവത്രെ!
കേരളം ബംഗാള്‍ പോലെ, ത്രിപുര പോലെ ഗുണം പിടിക്കരുതെന്നാണ് ഇടതുപക്ഷ നിലപാട്. ചുമടെടുക്കുന്നത് നോക്കി നില്‍ക്കുന്ന യൂനിയന്‍ നേതാക്കള്‍ക്ക് കൂലി വാങ്ങിക്കൊടുക്കുന്ന പാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത്. ജനങ്ങള്‍ ഒരിഞ്ചും വളരരുത്. യാചകരും ദരിദ്രരും ജാഥത്തൊഴിലാളികളും നിരാശരും വോട്ടുബാങ്കുമായി നിലനിന്നോട്ടെ എന്നാവും പാര്‍ട്ടി തീരുമാനം. സുഗതന്റെ ദുരനുഭവം കാരണം ഇനിയാരെങ്കിലും ചെറുകിട സംരംഭത്തിന് മുതിരുമോ മുന്‍കൂട്ടി റസീപ്റ്റ് എഴുതി വര്‍ഷത്തില്‍ നാലു തവണ പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്നവര്‍ അറിയേണ്ടത് ഒരിക്കല്‍ കേരളവും ത്രിപുരയാവും, അല്ലെങ്കില്‍ വെസ്റ്റ് ബംഗാളും.
ഈ വര്‍ഷത്തെ പത്താം തരം, പ്ലസ്ടു പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്ന സ്ഥിതിക്ക് മൂല്യനിര്‍ണയത്തിന് സൗകര്യമായി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചോദ്യവും ഉത്തരവും ചിരപരിചിതമാവുമല്ലോ. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന വി.എസിന്റെ 'കാവി' പ്രസ്താവന ഓര്‍ത്തു പോകുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്ന വാര്‍ത്ത വന്നിട്ടും കാര്‍ന്നോര്‍ 'കമ' പറഞ്ഞു കണ്ടില്ല. ഭരണ പരിഷ്‌കരണ ചിന്തയിലാണ്ടു കിടക്കുന്നതിനാല്‍ ഇത്തരം ചിന്ന കാര്യങ്ങളില്‍ ഇടപെടാനെവിടെ സമയം. അല്ലെങ്കില്‍ കേസ് നടത്താന്‍ വകുപ്പു വേണം. അവിടെയാണ് ധനപരമായ ലാഭം കണക്ക് കൂട്ടാനാവുക.
ഹാദിയ മുസ്‌ലിമായതില്‍ തനിക്ക് പരിഭവം ഇല്ലെന്നും താനൊരു നിരീശ്വരവാദിയാണെന്നും അച്ഛന്‍ അശോകന്‍ പറഞ്ഞത് മുഖവിലക്കെടുക്കാന്‍ കഴിയുമോ എങ്കിലെന്തിന് 'ഘര്‍വാപസി' വീട്ടില്‍ ശിവശക്തിക്കാരെ വിളിച്ചു നടത്തിച്ചു. ഏതായാലും ഹാദിയയുടെ വിവാഹം സുപ്രീംകോടതി ശരിവച്ച സ്ഥിതിക്ക് പ്രശ്‌നമവസാനിച്ചു.ഐ.എസും യമനും സിറിയയും എതിര്‍ക്കപ്പെടേണ്ടതാണ്. അതൊരുതരം അമേരിക്കന്‍, ഇസ്രാഈല്‍ സ്‌പോണ്‍സേര്‍ഡ് ഭീകര പ്രസ്ഥാനങ്ങള്‍ തന്നെയാണ്. ഇസ്‌ലാമിന് ഇതുമായി ബന്ധമേ ഇല്ല.
ടി.പി വധക്കേസ് പ്രതികള്‍ക്ക് ജാമ്യ ഇളവ് ചോദിക്കാത്ത സര്‍ക്കാര്‍ നിലപാട് മാന്യമാണ്. ചിലപ്പോഴൊക്കെ നല്ലതും കാണിക്കണമല്ലോ. ഇ. ശ്രീധരന്റെ പിന്‍മാറ്റം ഒഴിവാക്കണമായിരുന്നു. ടി.ഡി.പി മന്ത്രിമാരുടെ രാജിയില്‍ കഴമ്പില്ല. ചന്ദ്രബാബു നായിഡുവല്ലേ ഭാര്യാപിതാവ് രാമറാവുവിനെ കാലുവാരി പാര്‍ട്ടി പിടിച്ച ചന്ദ്രബാബു ഇനി എന്തൊക്കെ ഒപ്പിക്കുമെന്ന് പറയാനാവില്ല. പുള്ളി നല്ല രാഷ്ട്രീയ അഭ്യാസിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."