അലിഗഡ്: ഫണ്ട് അനുവദിക്കല്‍ പരിശോധനക്ക് ശേഷമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അലിഗഡ് മലപ്പുറം ഓഫ് കാംപസിനെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കൂടുതല്‍ മറനീക്കി പുറത്ത്. തുടര്‍ന്നങ്ങോട്ടുള്ള ഫണ്ട് വിഹിതം പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം.
ഓഫ് കാംപസുകള്‍ക്ക് ഇതുവരെ അനുവദിച്ച ഫണ്ടിനെ പറ്റിയും ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിനെ പറ്റിയുമുള്ള പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ സഭയെ രേഖാമൂലം അറിയിച്ചത്.
കാംപസിന് യു.പി.എ സര്‍ക്കാര്‍ അനുവദിച്ച 104.93 കോടി രൂപയില്‍ 5 വര്‍ഷം കഴിഞ്ഞിട്ടും പകുതി തുകയെ കൈമാറിയിട്ടുള്ളൂ. മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ സര്‍വകലാശാലയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടു പോവാനോ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് മലപ്പുറം ഓഫ് കാംപസ് .
2017ലെ പൊതു സാമ്പത്തിക ചട്ടങ്ങള്‍ പ്രകാരമുള്ള ഓഡിറ്റഡ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല സമര്‍പ്പിച്ചിട്ടില്ലാത്തതിനാലാണ് പുതിയ പദ്ധതി പരിശോധന ആവശ്യമായി വന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
എന്നാല്‍ ഓഡിറ്റിങ് റിപ്പോര്‍ട്ടുകളും മറ്റും നേരത്തേ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആവശ്യമുള്ള ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അലീഗഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തേണ്ടത് സര്‍വകലാശാലകളാണ്.
എല്ലാ ഒഴിവുകളും മുന്‍ഗണന നല്‍കി ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ അലിഗഡ് സര്‍വകലാശാലയടക്കമുള്ള ഏല്ലാ കേന്ദ്രസര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായി സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."