സഊദിയില്‍ ടൂറിസം വിസ അടുത്തമാസം മുതല്‍
റിയാദ് : സഊദിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ ടൂറിസം വിസ അടുത്തമാസം മുതല്‍ അനുവദിച്ചുതുടങ്ങും.
നിലവില്‍ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത സന്ദര്‍ശനത്തിനും സഊദിയില്‍ വിസ അനുവദിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാരത്തിന് മാത്രമായി പ്രത്യേക വിസ അനുവദിക്കുന്നത് ആദ്യമാണ്.
ചരിത്രപ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളുള്ള സഊദിയില്‍ ടൂറിസംരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിസ അനുവദിക്കുന്നത്. ടൂറിസ്റ്റ് വിസ ലഭ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സഊദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. എന്നാല്‍, കടുത്ത നിബന്ധനകള്‍ക്കുവിധേയമായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി ചുരുങ്ങിയത് നാലുപേരെങ്കിലും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് വിസകളാണ് അനുവദിക്കുക. വ്യക്തികള്‍ക്ക് വിസ അനുവദിക്കില്ല.
വനിതകള്‍ക്ക് വിസ അനുവദിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 30 വയസില്‍ കുറവുള്ള വനിതകള്‍ക്ക് അടുത്ത ബന്ധുവിന്റെ (മഹ്റം) ഒപ്പമല്ലാതെ വിസ അനുവദിക്കുകയില്ല. 30 വയസ് കഴിഞ്ഞ വനിതകള്‍ക്ക് മഹ്റം ആവശ്യമില്ലെങ്കിലും ഗ്രൂപ്പിനോടൊപ്പം മാത്രമേ വിസ അനുവദിക്കൂ.
വിസ വേണ്ട ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കണം.
വിദേശത്തെ ട്രാവല്‍ ഏജന്‍സിയും സഊദിയിലെ ടൂര്‍ ഓപറേറ്ററും ഒപ്പുവയ്ക്കുന്ന കരാര്പ്രകാരമായിരിക്കും വിദേശ ടൂറിസ്റ്റുകളുടെ സഊദി യാത്രയും താമസവും ക്രമീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."