സിറിയയിലെ ആഫ്രീന്‍ തുര്‍ക്കി സൈന്യം വളഞ്ഞു
ദമസ്‌കസ്: കുര്‍ദ് നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയന്‍ പ്രവിശ്യയായ ആഫ്രീന്‍ ഉപരോധിച്ചതായി തുര്‍ക്കി സൈന്യം അവകാശപ്പെട്ടു. ഇവിടെ കുര്‍ദ് സൈന്യമായ വൈ.പി.ജിക്കെതിരായ മുന്നേറ്റത്തിന്റെ ഭാഗമായാണു നടപടി. മേഖലയിലെ സുപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചടക്കിയതായും സൈന്യം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
തുര്‍ക്കി സൈന്യത്തിനൊപ്പം സിറിയയിലെ വിമത സൈനികരും നടപടിയില്‍ പങ്കുചേരുന്നുണ്ട്. ആഫ്രീനിലേക്കുള്ള മുഴുവന്‍ പാതകളിലും തുര്‍ക്കി ഷെല്ലാക്രമണം തുടരുന്നതായി കുര്‍ദ് വൃത്തങ്ങള്‍ സമ്മതിച്ചു. നേരത്തെ, തുര്‍ക്കി ആക്രമണം ശക്തമാക്കിയതോടെ മേഖലയില്‍നിന്നു നൂറുകണക്കിനു സാധാരണക്കാര്‍ സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റു മേഖലകളിലേക്കു തിരിച്ചിരുന്നു.
അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ്(വൈ.പി.ജി) സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് വര്‍ഷങ്ങളായി ആഫ്രീന്‍ മേഖലയുള്ളത്. തങ്ങളുടെ അതിര്‍ത്തിപ്രദേശമായ ഇവിടെ വൈ.പി.ജി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും തങ്ങളുടെ രാജ്യത്തിനു ഭീഷണിയാണെന്നും ആരോപിച്ച് കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി സൈന്യം നടപടി ആരംഭിച്ചത്. ഇടയ്ക്കു നിര്‍ത്തിവച്ച ആക്രമണം ഈമാസം ആരംഭത്തില്‍ പുനരാരംഭിക്കുകയായിരുന്നു. നിരോധിത കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായാണ് തുര്‍ക്കി വൈ.പി.ജിയെ കരുതുന്നത്. ആരോപണം വൈ.പി.ജി തള്ളിക്കളഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."