യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി
വാഷിങ്ടണ്‍: യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. റഷ്യ, ഉത്തര കൊറിയ വിഷയങ്ങള്‍ ഇരുവരും തമ്മില്‍ തുടരുന്ന തര്‍ക്കം പരസ്യമായതിനു പിറകെയാണ് ടില്ലേഴ്‌സനെ സ്ഥാനത്തുനിന്നു നീക്കിയത്. പകരം സി.ഐ.എ ഡയരക്ടര്‍ മൈക്ക് പോംപിയോയെ നിയമിച്ചിട്ടുണ്ട്.
ട്രംപ് അധികാരമേറ്റ ശേഷം നടക്കുന്ന ഏറ്റവും വലിയ കാബിനറ്റ് പുനഃസംഘടനയാണിത്. സി.ഐ.എ ഡയരക്ടറായി ജിന ഹാസ്പലിനെയും നിയമിച്ചിട്ടുണ്ട്. സി.ഐ.എയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ഹാസ്‌പെല്‍. ട്രംപ് തന്നെ നേരിട്ട് ട്വിറ്റര്‍ വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത്ര കാലത്തെ സേവനത്തിന് ടില്ലേഴ്‌സനു നന്ദി പറഞ്ഞ ട്രംപ് പോംപിയോ പുതിയ പദവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ട്വീറ്റ് ചെയ്തു. ഇക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സ്ഥാനമൊഴിയാന്‍ ട്രംപ് ടില്ലേഴ്‌സനോട് ആവശ്യപ്പെട്ടിരുന്നതായി വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടില്ലേഴ്‌സന്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം യാത്ര റദ്ദാക്കി വാഷിങ്ടണില്‍ തിരിച്ചെത്തിയതിനു തൊട്ടുപിറകെയാണ് ട്രംപ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, ടില്ലേഴ്‌സന്‍ നടപടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റുമായി അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സ്റ്റൈന്‍ പ്രതികരിച്ചു.
എക്‌സോണ്‍ മൊബൈല്‍ മുന്‍ സി.ഇ.ഒ ആയിരുന്ന ടില്ലേഴ്‌സന് നയതന്ത്ര-രാഷ്ട്രീയരംഗത്ത് മുന്‍പരിചയമുണ്ടായിരുന്നില്ല. 65കാരനായ ടില്ലേഴ്‌സനും ട്രംപും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മറനീക്കി പുറത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പെന്റഗണില്‍ നടന്ന ഒരു യോഗത്തില്‍ ടില്ലേഴ്‌സന്‍ ട്രംപിനെ ബുദ്ധിശൂന്യന്‍ എന്നു വിശേഷിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."