കേരളത്തില്‍ ടി10 ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ പിന്തുണ
തിരുവനന്തപുരം: ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി കേരളത്തില്‍ ആരംഭിക്കാന്‍ പദ്ധതിയുമായി യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. അക്കാഡമിയെ കുറിച്ചു മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തു.
ടി10 ക്രിക്കറ്റ് ടീമായ കേരള കിങ്സിന്റെ ഉടമകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരാണ് കേരള കിങ്സ്.
യുവപ്രതിഭകളെ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് ഉടനീളം ടി10 ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ക്ക് നിര്‍ദിഷ്ട യു.എ.ഇ ക്രിക്കറ്റ് അക്കാദമിയില്‍ അംഗത്വം നല്‍കുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും പ്രവാസി വ്യവസായി സംഘത്തെ നയിച്ച മുല്‍ക്ക് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും കേരള കിങ്സിന്റെ സഹ ഉടമയുമായ ഡോ. ഷാഫി ഉല് മുല്‍ക്ക് മുഖ്യമന്ത്രിയോട് വിശദീകരിച്ചു.
വളര്‍ന്നു വരുന്ന ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പ്രശസ്തരായ കോച്ചുകളുടെ ശിക്ഷണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ് ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ മുല്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് പുതിയതായി തുടങ്ങുന്നതോ, മലപ്പുറത്ത് നിലമ്പൂരില്‍ വ്യസായിയും എ.പിയുമായ പി.വി.വഹാബ്, ക്രിക്കറ്റ് താരം യുവരാജ് സിങ്ങുമായി ചേര്‍ന്ന് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് അക്കാഡമിയിലോ ആകും കേരളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് പരിശീലനം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തു ദിവസം നീളുന്ന രണ്ടാമത് ടി10 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ആകര്‍ഷകമായ വേതനവും ആനുകൂല്യങ്ങളും നല്‍കുമെന്ന് കേരള കിങ്സ് സഹ ഉടമയായ ഹുസൈന് ആദം അലി പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍, റക്സ്റ്റണ് ചെയര്മാന് ലാലു സാമുവല്‍, ഐറിസ് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അനില്‍ നായര്‍, ആര്.ജി.ഐ ഗ്രൂപ്പ് ഡയറക്ടര്‍ ജി. പ്രസാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."