സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കുമോ?
കൊച്ചി: മുഖ്യമന്ത്രിയും കായിക മന്ത്രിയും അറിയാന്‍. ഇന്ത്യയുടെ അഭിമാന നീന്തല്‍താരം ഒളിംപ്യന്‍ സാജന്‍ പ്രകാശ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് പരിശീലനം തുടരാനാവാതെ ദുരിതത്തിലാണ്. കേരള പൊലിസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സാജന് ആഭ്യന്തര വകുപ്പ് ശമ്പളം നല്‍കാതായിട്ട് 13 മാസം പിന്നിടുന്നു. ഇതര സംസ്ഥാനങ്ങള്‍ ദേശീയ, രാജ്യാന്തര മെഡല്‍ ജേതാക്കളെ കൈവെള്ളയില്‍ കൊണ്ടു നടക്കുമ്പോഴാണ് കായിക കേരളത്തിന് അപമാനകരമായ നടപടിയുമായി പൊലിസ് വകുപ്പ് നീങ്ങുന്നത്. കേരളത്തിനായി 35-ാമത് ദേശീയ ഗെയിംസില്‍ ജലാശത്തില്‍ നിന്നും സ്വര്‍ണ്ണപ്പതക്കങ്ങള്‍ നീന്തിയെടുത്തതിനായിരുന്നു റെയില്‍വേയില്‍ ജീവനക്കാരനായിരുന്ന സാജന്‍ പ്രകാശിനെ വിളിച്ചു വരുത്തി ആംഡ് റിസര്‍വ് പൊലിസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയത്. പരിശീലനത്തിന് അവധിയും എല്ലാവിധ സൗകര്യങ്ങളും നല്‍കുമെന്ന് സാജന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പടെ വാഗ്ദാനം നല്‍കിയിരുന്നു.
പരിശീലനത്തിനായി വിദേശത്തുള്ള സാജന് ഒരു വര്‍ഷം പിന്നിട്ടിട്ടും ശമ്പളം പോലും നല്‍കാന്‍ തയ്യാറായിട്ടില്ലെന്നത് കായിക താരങ്ങളോട് കേരളം കാട്ടുന്ന നീതികേടിന്റെ ഉദാഹരണങ്ങില്‍ ഒന്നുമാത്രം. പരിശീലനത്തിന് പോകുന്ന കായിക താരങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കാറുള്ളത്. സാജന്റെ കാര്യത്തില്‍ മാത്രം അതുണ്ടായിട്ടില്ല. പരിശീലനം ഒക്കെ പൂര്‍ത്തിയാക്കി മടങ്ങി വന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ശമ്പളം നല്‍കാമെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. 2020 ലെ ടോക്യോ ഒളിംപിക്‌സ് ലക്ഷ്യമിട്ടു തായ്‌ലന്റിലും ദുബൈയിലുമായി തീവ്രപരിശീലനത്തിലാണ് സാജന്‍. കഴിഞ്ഞ ഏഷ്യന്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പടെ ആറു മെഡലുകള്‍ നേടിയ സാജന്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ മൂന്ന് ദേശീയ റെക്കോര്‍ഡുമായി അഞ്ച് സ്വര്‍ണ മെഡലുകളാണ് കേരളത്തിന് സമ്മാനിച്ചത്. മെഡലുകള്‍ നേടുമ്പോള്‍ കാമറ കണ്ണുകള്‍ക്ക് മുന്നില്‍ അഭിനന്ദിക്കാന്‍ ഓടിയെത്തുന്നുവര്‍ താരങ്ങളുടെ ദുരിത ജീവിതം മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്.
ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്കെല്ലാം ജോലി നല്‍കിയെന്ന് അഭിമാനത്തോടെ കൊട്ടിഘോഷിക്കുന്ന കായിക മന്ത്രി എ.സി മൊയ്തീനും സര്‍ക്കാരും സാജനെ പോലുള്ള കായികതാരങ്ങള്‍ നേരിടുന്ന അവഗണനയും ദുരിതവും തിരിച്ചറിയാന്‍ തയ്യാറായിട്ടില്ല. നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥയായ സാജന്റെ അമ്മ മുന്‍ രാജ്യാന്തര താരം ഷാന്റിമോള്‍ക്ക് ലഭിക്കുന്ന വേതനം മാത്രമാണ് ഇവരുടെ ആശ്രയം. പലിശയ്ക്ക് കടം വാങ്ങിയും പ്രമുഖ വ്യവസായി എം.എ യൂസഫലി അടക്കമുള്ള സുമനസുകള്‍ നല്‍കിയ സഹായത്തിലുമാണ് സാജന്‍ പ്രകാശിന്റെ വിദേശ പരിശീലനം. ബംഗളൂരുവില്‍ അഞ്ച് വര്‍ഷം വീട് വാടകയ്‌ക്കെടുത്ത് പരിശീലനം നടത്തിയതിന് പ്രതിമാസ ചിലവ് 75,000 രൂപയ്ക്കു മേലെയായിരുന്നു. വിദേശ പരിശീലനത്തിനായി ഒരു കോടി രൂപയ്ക്ക് മുകളില്‍ ഇതുവരെ ചിലവഴിച്ചു കഴിഞ്ഞു. വാടക നല്‍കാന്‍ പോലും പണമില്ലാതായതോടെ ബംഗളൂരുവിലെ വീട് ഒഴിഞ്ഞു. സ്വന്തമായി വീടില്ലാത്ത സാജനും ഷാന്റിമോളും വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ ഒരു പരിചയക്കാരന്റെ കാര്‍ ഷെഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷാന്റിമോളുടെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം സാജന്റെ പരിശീലനത്തിനായി മുടക്കിക്കഴിഞ്ഞു.
സാജന്‍ ദുബൈയിലേക്ക് പരിശീലനം മാറ്റിയതോടെ മകനെ സഹായിക്കാന്‍ അവധി എടുത്ത് ഷാന്റിമോളും അവിടെയാണ്. ഇതോടെ നിത്യജീവിതത്തിനുള്ള വരുമാന മാര്‍ഗവും അടഞ്ഞു. പുതിയ ഒളിംപ്യന്‍മാരെ സൃഷ്ടിക്കാന്‍ 460 കോടിയുടെ ഓപ്പറേഷന്‍ ഒളിംപ്യ പദ്ധതി നടപ്പാക്കാനിറങ്ങിയ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ഈ രാജ്യാന്തര താരത്തെ അവഗണിക്കുകയാണ്. പരിശീലനത്തിനായി സാജന്‍ പ്രകാശിന് ഒരു സഹായവും സംസ്ഥാന സര്‍ക്കാരോ സ്‌പോര്‍ട്‌സ് കൗണ്‍സിലോ ഇതുവരെ നല്‍കിയിട്ടില്ല. കര്‍ണാടകയും തമിഴ്‌നാടും അടക്കമുള്ള ഇതരസംസ്ഥാനങ്ങളുടെ വമ്പന്‍ വാഗ്ദാനങ്ങള്‍ വേണ്ടെന്നു വെച്ചാണ് സാജന്‍ പ്രകാശ് ജന്‍മനാട്ടിലേക്ക് വന്നത്. റെയില്‍വേയിലെ ജോലി ഉപേക്ഷിച്ച് 2017 ജനുവരി ആറിന് കേരള പൊലിസില്‍ ചേര്‍ന്ന സാജന് ദുരിതം മാത്രമാണ് തിരിച്ചു കിട്ടിയത്. ശമ്പളം നല്‍കാത്തതിന് പുറമേ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ അര്‍ജുന അവാര്‍ഡ് നഷ്ടപ്പെടുത്തിയതും കേരളാ പൊലിസ് തന്നെയായിരുന്നു.
ശമ്പളം ലഭിക്കാനായി നിരവധി തവണയാണ് സാജനും ഷാന്റിമോളും പൊലിസ് ആസ്ഥാനത്ത് കയറിയിറങ്ങിയത്. ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ ഏജീസ് ഓഫിസിലെ ജോലി നഷ്ടപ്പെട്ട ഫുട്‌ബോള്‍ താരം സി.കെ വിനീതിന് ജോലി നല്‍കാന്‍ വളരെ വേഗത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി. എന്നാല്‍, രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനം ലോക നീന്തല്‍ വേദികളില്‍ ഉയര്‍ത്തി പിടിക്കുന്ന ഒളിംപ്യന്‍ സാജന്‍ പ്രകാശിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് നീതികേട് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."