ചെങ്ങോട്മല ഖനനം അനുമതി റദ്ദാക്കണം: ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടു മലയില്‍ കരിങ്കല്‍ ക്വാറിയും ക്രഷറും തുടങ്ങാന്‍ സ്വകാര്യ കമ്പനി അനുമതി വാങ്ങിയത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണെന്നും ഖനനാനുമതി റദ്ദ് ചെയ്യാന്‍ അധികൃതര്‍ തയാറാവണമെന്നും ഖനന വിരുദ്ധ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
അസി. കലക്ടറും പഞ്ചായത്ത് സെക്രട്ടറിയും ചെങ്ങോടു മല സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇവിടം പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പഠനം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട്ട ക്വാറിയിലേക്ക് പോകേണ്ട ചെടിക്കുളം നരയംകുളം റോഡ് ടാറിങ് മൂന്ന് മീറ്റര്‍ വീതിയില്‍ മാത്രമാണുള്ളത്.
ഇതിലെ നിരന്തരം ടിപ്പറുകള്‍ പോകുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ക്വാറിക്കെതിരെയുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ഈ മാസം 18 ന് രാവിലെ ചാലിക്കര അംഹാസ് ചെങ്ങോടുമല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നരയംകുളത്തേക്ക് നടത്തുന്ന യാത്രക്ക് വന്‍ സ്വീകരണം നല്കാന് യോഗം തീരുമാനിച്ചു. 24 ന് നരയംകുളത്ത് ചെങ്ങോടു മല സംരക്ഷണ വലയം തീര്‍ക്കാനും തീരുമാനമായി.
വി.വി ജിനീഷ് അധ്യക്ഷനായി. ലിനീഷ് നരയംകുളം, അഡ്വ. എം. യൂസഫ്, കെ.പി പ്രകാശന്, വി.എം അഷ്റഫ്, കെ.എം നസീര്‍, ടി.കെ നൗഷാദ്, രാധന്‍ മൂലാട്, ലിബിന് നരയംകുളം, അഖില്‍, കെ. അശോക്, ടി.പി സുധീഷ്, ടി.എം സുരേഷ് ബാബു, എ.സി സോമന്, കെ.എം ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."