മാലിന്യസംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം
കോഴിക്കോട്: മാലിന്യനിമാര്‍ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെയും ദേശീയ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മാലിന്യസംസ്‌കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണില്‍ നിക്ഷേപിക്കുന്നത് ആവാസവ്യവസ്ഥക്കു തന്നെ വിഘാതമാവുകയാണ്. മാലിന്യസംസ്‌കരണത്തിനായി കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതികളോടും സഹകരിക്കാന്‍ പൊതുസമൂഹം തയാറാകണം. നിയമങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ 70 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും ഹരിത കര്‍മസേന രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. തെറ്റിദ്ധാരണ കൊണ്ടാണിത്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നുംദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കേസെടുക്കേണ്ട അവസ്ഥയാണ് പൊലിസിനുള്ളതെന്ന് ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. കോര്‍പറേഷന്‍ തയാറാക്കിയ ആനിമേഷന്‍ സി.ഡി ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ സി. നരേന്ദ്ര, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, മുഹമ്മദ് ചെമ്മല സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോ. മനോഹരന്‍, ഡോ. പി.എന്‍ പരമേശ്വരന്‍ മൂസ്സത്, ഡോ. പി.വി രാധാകൃഷ്ണന്‍, സി.പി ചന്ദ്രലേഖ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."