മെഡി. കോളജില്‍ 250 എം.ബി.ബി.എസ് സീറ്റിന് സ്ഥിരാനുമതി മികച്ച സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 250 എം.ബി.ബി.എസ് സീറ്റിന് സ്ഥിരാനുമതി ലഭിച്ചത് മികച്ച പഠനസൗകര്യമൊരുക്കിയതിനുള്ള അംഗീകാരമായി. 2012ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മെഡിക്കല്‍ കോളജിലെ എം.ബി.ബി.ബി.എസ് സീറ്റ് 200ല്‍ നിന്ന് 250 ആക്കി ഉയര്‍ത്തിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചിരുന്നില്ല. അഞ്ചുവര്‍ഷത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇപ്പോള്‍ സ്ഥിരാംഗീകാരം ലഭിച്ചത്.
അധികം ലഭിച്ച സീറ്റുകള്‍ക്ക് അംഗീകാരം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എം.സി.ഐയുടെ നടപടി ഏറെ ആശ്വാസമാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കല്‍ കോളജെന്ന ബഹുമതിയും കോഴിക്കോട് മെഡിക്കല്‍ കോളജിനായി.
200ല്‍ നിന്ന് 50 സീറ്റുകൂടി വര്‍ധിപ്പിക്കുമ്പോള്‍ തന്നെ കര്‍ശന നിര്‍ദേശങ്ങളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെഡിക്കല്‍ കോളജിന് നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ തിരിച്ചെടുക്കുമെന്നാണ് എം.സി.ഐയുടെ നിബന്ധന.
ഓരോവര്‍ഷവും പരിശോധന നടത്തി ആ വര്‍ഷത്തേക്കുള്ള അംഗീകാരം നല്‍കുകയായിരുന്നു എം.സി.ഐ. ഫൈനല്‍ ഇന്‍സ്‌പെക്ഷനെത്തിയ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനായതാണ് അംഗീകാരത്തിനു കാരണമായത്.
വിദ്യാര്‍ഥികള്‍ക്ക് അനുപാതമായി അധ്യാപകരെ നിയമിക്കാനായി എന്നതും ഫലപ്രദമായ നടപടിയായി. ക്ലാസ്മുറികള്‍ നേരത്തേയുള്ളതു തന്നെയാണ് പരിഗണിച്ചത്. ലൈബ്രറിയില്‍ മികച്ച ഫര്‍ണിഷിങ് ഒരുക്കുകയും ആവശ്യത്തിനു പുസ്തകങ്ങള്‍ എത്തിക്കുകയും ചെയ്തു. കോളജിലെ നിള, കബനി, കാവേരി എന്നീ ഹാളുകള്‍ ചേര്‍ത്താണ് എക്‌സാമിനേഷന്‍ ഹാളിനുള്ള സംവിധാനമൊരുക്കിയത്. 13 കോടി രൂപ ചെലവില്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടമൊരുക്കിയതും സ്ഥിരാംഗീകാരം ലഭിക്കുന്നതിന് ആക്കംകൂട്ടി.
ഡോ. പി.വി ശശിധരന്‍ പ്രിന്‍സിപ്പലായിരിക്കുമ്പോഴാണ് ഈ പ്രവൃത്തികളില്‍ ഭൂരിഭാഗവും നടന്നത്. കേരളത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലുമായി 1300 എം.ബി.ബി.എസ് സീറ്റുകളാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളജിന് ലഭിക്കേണ്ടിയിരുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടത് തികഞ്ഞ അലംഭാവം മൂലമാണെന്നാണ് വിലയിരുത്തല്‍.
270 ഏക്കര്‍ സ്ഥലവിസ്തൃതിയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിന് നിരവധി വികസനസാധ്യതകളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ സിറ്റിയാകും കോഴിക്കോട് മെഡിക്കല്‍ കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."