ന്യൂനമര്‍ദം; ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍യാത്ര റദ്ദാക്കി ഉരുക്കളുടെയും യാത്ര റദ്ദാക്കിയിട്ടുണ്ട്
ഫറോക്ക്: ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് ബേപ്പൂരില്‍നിന്നു ലക്ഷദ്വീപിലേക്കുള്ള കപ്പലിന്റെയും ഉരുക്കളുടെയും യാത്ര റദ്ദാക്കി. 150 യാത്രക്കാരുമായി ഇന്നു വൈകിട്ട് പോകേണ്ടിയിരുന്ന എം.വി മിനിക്കോയ് കപ്പലിന്റെ യാത്രയാണ് നിര്‍ത്തിവച്ചത്.
ചരക്കു കയറ്റിപ്പോകാനിരുന്ന പി. മുരുകന്‍ തുണൈ, ശാലോം എന്ന ഉരുക്കളുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്് തുറമുഖ അധികൃതര്‍ തിരിച്ചുവാങ്ങി. പ്രദീപ്, സിംല എന്നീ ഉരുക്കള്‍ ചരക്കു കയറ്റിപ്പോകാന്‍ തയാറായെങ്കിലും തുറമുഖ അധികൃതര്‍ അനുമതി നല്‍കിയില്ല.
ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലേക്ക് യാത്രക്കാരുമായി പോകാനിരുന്നതായിരുന്നു കപ്പല്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് തുറമുഖ അധികൃതര്‍ യാത്ര റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകകയായിരുന്നു. അറിയിപ്പ് ലഭിച്ച ഉടന്‍ കപ്പലില്‍ പോകേണ്ട മുഴുവന്‍ പേര്‍ക്കും യാത്ര റദ്ദ് ചെയ്ത വിവരം നല്‍കി. കപ്പല്‍യാത്രക്കാര്‍ നഗരത്തിലെ വിവിധ ലോഡ്ജുകളിലാണു തങ്ങുന്നത്.
കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കപ്പല്‍ യാത്രതിരിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. പി. മുരുകന്‍ തുണൈ ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപിലേക്കും ശാലോം കവരത്തിയിലേക്കുമാണ് ചരക്കുമായി പോകാനിരുന്നത്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ഫിഷറീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്ത് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിക്കൊണ്ടുള്ള അനൗണ്‍സ്‌മെന്റും നടത്തി. ഹാര്‍ബര്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ വയര്‍ലെസ് സെറ്റ് മുഖേന കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളോട് തിരികെപ്പോരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന പല ബോട്ടുകളും വിവിധ തീരത്തേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."