ജയ്ഷാക്കെതിരായ റിപ്പോര്‍ട്ട്: ദി വയറിനെതിരെ നടപടി വിലക്കി സുപ്രിം കോടതി
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വാര്‍ത്ത നല്‍കിയ ദി വയര്‍ വെബ്‌സൈറ്റിനെതിരെ നടപടി വിലക്കി സുപ്രിം കോടതി. ദി വയറിനെതിരായ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോടാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്.
ഏപ്രില്‍ 12 വരെ നടപടികള്‍ പാടില്ലെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖികയ്‌ക്കെതിരെയും നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് നിര്‍ദേശം നല്‍കി.
ജയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ധനയുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. 2014- 15 വര്‍ഷത്തില്‍ അരലക്ഷം രൂപ മാത്രം വരുമാനമുണ്ടായിരുന്ന കമ്പനി, ബി.ജെ.പി അധികാരത്തിന്റെ തണലില്‍ 2015-16 വര്‍ഷത്തോടെ 80.5 കോടി രൂപ വരുമാനത്തിലെത്തിയെന്നാണ് വാര്‍ത്ത.
ഇതേത്തുടര്‍ന്ന് 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടത്തിനാണ് ജയ്ഷാ കേസ് ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."