കുന്നാര്‍ ഡാമിന്റെ ഉയരം 2.5 മീറ്റര്‍ കൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലെ ജലക്ഷാമം പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം 2.5 മീറ്റര്‍ കൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരജിയിലാണ് ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതോറിറ്റി ഇതിന് അനുമതി നല്കാത്തതിനാല് ഡാമിന്റെ ഉയരം കൂട്ടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഹരജി നല്‍കിയത്. ഡാമിന്റെ ഉയരം കൂട്ടാതെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ മറ്റു മാര്‍ഗം കണ്ടെത്തണമെന്നായിരുന്നു അതോറിറ്റിയുടെ നിര്‍ദേശം. ഉയരം കൂട്ടാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും വാദിച്ചു. ഡാമിന്റെ ഉയരം കൂട്ടുന്നതു മൂലം പരിസ്ഥിതിക്ക് ആഘാതമുണ്ടാകില്ലെന്ന് സെസ് നടത്തിയ പഠനത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് വനംവകുപ്പിന്റ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ അംഗമായ ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി പലവട്ടം പരിശോധിക്കുകയും ചില ഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്തതാണെന്ന് കോടതി വിലയിരുത്തി.
ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും പരിഗണിച്ച കോടതി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ എതിര്‍പ്പുകള്‍ തള്ളി. ഡാമിന്റെ ഉയരം കൂട്ടാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗം തീരുമെന്നതിനാല്‍ വന്യ ജീവികളെ ഇതു സാരമായി ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."