സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ മുഴക്കോം വായിക്കോട് സ്വദേശി താളൂര്‍ വീട്ടില്‍ ടി.വി ബൈജുവിനെ (31) യാണ് ടൗണ്‍ സി.ഐ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എറണാകുളത്ത് വച്ച് അറസ്റ്റുചെയ്ത് കണ്ണൂരിലെത്തിച്ചത്.
പിണറായി, പിലാത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളില്‍ നിന്ന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. നിശ്ചിതസമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പിണറായിയിലെ നേഹ, അക്ഷയ, അനില എന്നിവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പിലാത്തറയില്‍ നിന്നുള്ള രണ്ട് യുവാക്കളും പരാതി നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയിലെ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. നാസിക്കിലെ 195 ഫീല്‍ഡ് റജിമെന്റില്‍ ജോലി ചെയ്തിരുന്ന ബൈജു അവിടെ നിന്നു മുങ്ങുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്നു ഒഴിവായ ബൈജു പിന്നീട് പലരോടും സൈന്യത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടുകയായിരുന്നു. യുവാക്കള്‍ക്ക് ജനറല്‍ കാറ്റഗറിയിലും യുവതികള്‍ക്ക് സി.ഐ.എസ്.എഫിലുമാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."