അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകരുത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഓരോ മെഡിക്കല്‍ കോളജിലും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതാണ്. ഇല്ലാത്ത ആശുപത്രികളില്‍ വിജിലിന്‍സ് സംവിധാനം ഉണ്ടാക്കേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത്യാഹിത വിഭാഗങ്ങളിലെ സര്‍ജറികള്‍ ക്യൂ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ക്യൂവിലുള്ളവരെ അതിന്റെ കാരണം അറിയിക്കേണ്ടതാണ്.
മെഡിക്കല്‍ കോളജുകളില്‍ ഓരോ വിഭാഗത്തിന്റെയും യൂനിറ്റിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ ബാഹുല്യവും ഉണ്ട്. ഇതിനാല്‍ സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ന്യൂറോ വിഭാഗങ്ങളില്‍ എന്‍ട്രി കേഡര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍) തസ്തികകള്‍ സൃഷ്ട്ടിക്കും.
അത്യാഹിത വിഭാഗങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുകയും സമയം ഉള്‍പ്പെടെ റെക്കോഡ് ചെയ്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. ജീവനക്കാര്‍ യൂനിഫോമും ഐഡന്റിറ്റി കാര്‍ഡും കര്‍ശനമായി ധരിക്കേണ്ടതാണ്. മെഡിക്കല്‍ കോളജിലെ ഭരണ നിര്‍വഹണം ശക്തിപ്പെടുത്തണം. ബയോമെഡിക്കല്‍ വിങിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."