ഐ.ജി.എസ്.ടി: വ്യാപാരികള്‍ക്ക് 120.82 കോടിയുടെ കുടിശ്ശിക നല്‍കുന്നു
കൊച്ചി: സംയോജിത ചരക്കുസേവന നികുതിയുടെ ഭാഗമായി കയറ്റുമതി വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള 120.82 കോടിയുടെ കുടിശ്ശിക വിതരണംചെയ്യുന്നതിനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു.
15 മുതല്‍ 29 വരെയാണ് പ്രത്യേക പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി തുറമുഖംവഴി കയറ്റുമതി നടത്തിയ വ്യാപാരികള്‍ക്കാണ് കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 29 വരെ നടക്കുന്ന അദാലത്തിലൂടെ റീഫണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കും.
സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് കുടിശ്ശിക നല്‍കുന്നത്. ജി.എസ്.ടി പോര്‍ട്ടലില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നെങ്കിലും കയറ്റുമതിക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലമാണ് കുടിശ്ശിക നല്‍കാന്‍ കഴിയാതിരുന്നത്. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതുതായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം 'ഇസഞ്ചിത്' ഇന്നലെ മുതല്‍ നിലവില്‍വന്നു. ഇതുവഴി ചരക്കുകള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും ഷിപ്പിങ് ബില്ലുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. നിലവില്‍ ഇവയെല്ലാം കസ്റ്റംസ് ഓഫിസില്‍ നേരിട്ടെത്തി കൈമാറുകയാണ് ചെയ്യുന്നത്. ഇനിമുതല്‍ അനുമതിക്കായി രേഖകളുടെ അസ്സല്‍ ഹാജരാക്കണമെന്നില്ല. സാധനങ്ങള്‍ ഏറ്റെടുക്കാന്‍ എത്തുമ്പോള്‍ തുറമുഖങ്ങളില്‍ ഹാജരാക്കിയാല്‍ മതി. പോര്‍ട്ട് ഓഫിസര്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഡെലിവറി പാസുകള്‍ നല്‍കും.
ഇസഞ്ചിത് പദ്ധതിപ്രകാരം ഫയല്‍ ചെയ്യുന്ന രേഖകള്‍ പരിശോധിക്കാനും നികുതി നിര്‍ണയിക്കാനുമുള്ള അധികാരം ഡെപ്യൂട്ടി കമ്മിഷണര്‍, അസി. കമ്മിഷണര്‍മാര്‍ക്കാണ്. പരാതിയുള്ളവര്‍ക്ക് ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്താനുള്ള അവസരവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."