ജയയുടെ ഓര്‍മയില്‍ പുതിയ പാര്‍ട്ടിയുമായി ദിനകരന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടികൂടി പിറവിയെടുത്തു. മുന്‍ അണ്ണാ ഡി.എം.കെ നേതാവും ആര്‍.കെ നഗര്‍ മണ്ഡലത്തിലെ സ്വതന്ത്ര എം.എല്‍.എയുമായ ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
ഇന്നലെ മധുരയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. സമ്മേളന വേദിയിലും മധുരയിലെ വിവിധ ഇടങ്ങളിലുമായി എം.ജി.ആര്‍, ജയലളിത, വി.കെ ശശികല തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ഉത്സവാന്തരീക്ഷത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
പൊതുസമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതും കൊടി അനാച്ഛാദനം ചെയ്തതും ദിനകരന്‍ തന്നെയായിരുന്നു. കറുപ്പും വെളുപ്പും ചുവപ്പും നിറത്തിലുള്ള പാര്‍ട്ടി പതാകയില്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടിലക്കുവേണ്ടിയുള്ള നിയമപോരാട്ടം നടത്തും.
അതുവരെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രഷര്‍ കുക്കറായിരിക്കുമെന്ന് ദിനകരന്‍ പറഞ്ഞു.പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ അണ്ണാ ഡി.എം.കെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പുതിയ പാര്‍ട്ടി കൊതുകിനെ പോലെയാണെന്നാണ് അണ്ണാ ഡി.എം.കെ നേതാവും മന്ത്രിയുമായ ഡി. ജയകുമാര്‍ അഭിപ്രായപ്പെട്ടത്. കുറച്ചുനേരം പറക്കുകയും പിന്നീട് കൊതുക് എങ്ങോട്ടുപോകുന്നുവെന്ന് ആരും കാണില്ലെന്നതുപോലെയാണ് ദിനകരന്‍ പാര്‍ട്ടിയുടെ ഭാവിയെന്നും അദ്ദേഹം പരിഹസിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമല്‍ഹാസന്‍ പാര്‍ട്ടി രൂപീകരിച്ചത്. ഇതിന് പിന്നാലെയാണ് ദിനകരനും പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്. ഹിമാലയ യാത്രക്കുശേഷം രജനീകാന്തും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."