അനായാസം ബാഴ്‌സ, ബയേണ്‍
മാഡ്രിഡ്: ഇരട്ട ഗോളുകള്‍ നേടുകയും ടീമിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കിയും ചാംപ്യന്‍സ് ലീഗില്‍ 100 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയും നൗ കാംപില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സിക്ക് മറുപടികളില്ലാതെ പോയി. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ രണ്ടാം പാദ പോരാട്ടത്തില്‍ 3-0ത്തിന് തകര്‍ത്ത് ഇരു പാദങ്ങളിലായി 4-1ന്റെ വിജയവുമായി മുന്‍ ചാംപ്യന്‍മാരയ ബാഴ്‌സലോണ ക്വാര്‍ട്ടറിലേക്ക് കടന്നു. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും അനായാസ വിജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി.
ബെസിക്റ്റസിനെ രണ്ടാം പാദ മത്സരത്തില്‍ അവരുടെ തട്ടകത്തില്‍ 3-1ന് വീഴ്ത്തി ഇരു പാദങ്ങളിലായി 8-1ന്റെ കൂറ്റന്‍ വിജയവുമായാണ് ബാവേറിയന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
ആദ്യ പാദ പോരാട്ടത്തില്‍ ചെല്‍സിയുടെ തട്ടകത്തില്‍ സ്വന്തമാക്കിയ എവേ ഗോള്‍ ആനുകൂല്യവുമായി സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ബാഴ്‌സലോണ കളിയുടെ സമസ്ത മേഖലയിലും ചെല്‍സിയെ കാഴ്ചക്കാരാക്കി. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ മെസ്സിയിലൂടെ ബാഴ്‌സ ലീഡ് സ്വന്തമാക്കി നയം ഇംഗ്ലീഷ് കരുത്തര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. ലൂയീസ് സുവാരസിന്റെ അസിസ്റ്റിലാണ് മെസ്സി കളിയുടെ തുടക്കത്തില്‍ തന്നെ വല ചലിപ്പിച്ചത്.
20ാം മിനുട്ടില്‍ മെസ്സി തുടക്കമിട്ട ഉജ്ജ്വല നീക്കമാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ചെല്‍സി പ്രതിരോധ നിരയെ തന്റെ വേഗം കൊണ്ടും മാന്ത്രിക ചലനങ്ങളാലും നിഷ്പ്രഭമാക്കി പന്തുമായി കുതിച്ച മെസ്സി ഇടത് മൂലയില്‍ നിന്ന് നേരെ അത് ഡെംപെലെയ്ക്ക് കൈമാറി. ബോക്‌സിന്റെ വലത് വശത്ത് നിന്ന ഡെംപെലെ പന്ത് കൃത്യമായി വലയുടെ ഇടത് മൂലയിലേക്ക് തട്ടിയിടുമ്പോള്‍ ചെല്‍സി ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിന് നിസഹായനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. ഡെംപെലെ ബാഴ്‌സയ്ക്കായി നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടിയ ബാഴ്‌സ ചെല്‍സി ഇടയ്ക്ക് നടത്തിയ കൗണ്ടര്‍ അറ്റാക്കടക്കമുള്ള എല്ലാ മുന്നേറ്റങ്ങളേയും ബോക്‌സിനടുത്ത് വച്ച് ഇല്ലാതാക്കി. അതിനിടെ ആദ്യ പകുതിയില്‍ ചെല്‍സിക്കനുകൂലമായി ലഭിച്ച ഫ്രീ കിക്കെടുത്ത മാര്‍ക്കോസ് അലോണ്‍സോ മെന്‍ഡോസയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചത് അവര്‍ക്ക് കൂടുതല്‍ നിരാശ നല്‍കുകയും ചെയ്തു. രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവേ വീണ്ടും സുവാരസിന്റെ അസിസ്റ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലാക്കിയതോടെ ചെല്‍സി തിരിച്ചുവരാന്‍ കഴിയാത്ത നിലയിലേക്ക് വീണിരുന്നു.
കളിയുടെ ഒരു ഘട്ടത്തിലും അന്റോണിയോ കോണ്ടെയുടെ സംഘം വിജയിക്കാനുള്ള ആര്‍ജവം മൈതാനത്ത് പ്രകടിപ്പിച്ചില്ല. പാഴായി പോയ നീക്കങ്ങളും ഹസാദടക്കമുള്ള താരങ്ങളുടെ ഫോമില്ലായ്മയും അവര്‍ക്ക് തിരിച്ചടിയായി. ചെല്‍സി നിരയില്‍ അധ്വാനിച്ച് കളിച്ച വില്ല്യന്റെ പല മുന്നേറ്റങ്ങളും ഫിനിഷ് ചെയ്യുന്നതില്‍ ജിറൂദടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടതും ഇംഗ്ലീഷ് ടീമിന്റെ പതനത്തിന്റെ ആക്കം കൂട്ടി. തുടര്‍ച്ചയായി 11ാം തവണയാണ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."