കാക്കിയില്‍നിന്ന് കൃഷിയിലേക്ക്; ജൈവകൃഷിയില്‍ മികവുവിളയിച്ച് ഇസ്മാഈല്‍
കൊണ്ടോട്ടി: കാക്കിയുടെ കാര്‍ക്കശ്യത്തില്‍ നിന്ന് മണ്ണിന്റെ ഉര്‍വരതയിലേക്ക് ഇറങ്ങിയ ഇസ്മാഈല്‍ ജൈവ കൃഷിയിലൂടെ പുതിയ ജീവിതത്തിന് വിത്തിടുന്നു. മേലെ കിഴിശ്ശേരി എരണിപ്പറമ്പന്‍ പഴേരി ഇസ്മാഈലാണ് വീടിനോട് ചേര്‍ന്ന മൂന്നേക്കര്‍ പറമ്പില്‍ ജൈവകൃഷി പരീക്ഷിച്ച് വിജയം കൊയ്യുന്നത്. ജില്ലാപൊലിസ് ഓഫിസില്‍ നിന്ന് വിരമിച്ചതിന് ശേഷം പൂര്‍ണമായും ജീവിതം കൃഷിക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.
പൊലിസിലായിരിക്കെ രാവിലെ ഓഫിസിലേക്ക് പോകുന്ന സമയം വരെ പറമ്പില്‍ അധ്വാനിക്കുമായിരുന്നു. കഴിഞ്ഞ മെയ്‌യിലാണ് ഔദ്യോഗികജീവിതത്തില്‍നിന്ന് പിരിഞ്ഞത്. ഇതോടെയാണ് ജീവിതം പൂര്‍ണമായും കൃഷിക്ക് വേണ്ടി മാറ്റിവച്ചത്. വീടിനോട് ചേര്‍ന്ന സ്ഥലത്ത് കപ്പ, വാഴ, വെള്ളരി, പാവക്ക, വെണ്ട, പടവലം, ചിരങ്ങ, പയര്‍, ചീര, മുളക്, വഴുതന, ചേമ്പ്, ചേന തുടങ്ങി കൃഷിയില്‍ പരീക്ഷിക്കാത്തതായി ഒന്നുമില്ലെന്ന് ഇസ്മാഈല്‍ പറഞ്ഞു. കൃഷിയിടത്തില്‍ നിന്ന് വിളവെടുത്തത് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്യും. വില്‍പ്പനക്കായി കൃഷി ചെയ്യാന്‍ താല്‍പര്യമില്ല. നമ്മുടെ അധ്വാനത്തിന്റെ പങ്കില്‍ മറ്റുള്ളവരും പങ്കുചേരുന്നതാണ് ആത്മനിര്‍വൃതി നല്‍കുന്നതെന്ന് പറയുന്നു, ഇസ്മാഈല്‍.
കൃഷിക്കാവശ്യമായ വെള്ളം സമീപത്ത് തന്നെയുള്ള കുളത്തില്‍ നിന്നാണ് ലഭ്യമാക്കുന്നത്. പൂര്‍ണമായും രാസവളം ഉപേക്ഷിച്ചാണ് കൃഷി. ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. പെണ്‍മക്കള്‍ വിവാഹിതരായി കുടുംബസമേതം സഊദിയിലാണ്. മകന്‍ മുഹമ്മദ് ബാവ വിദ്യാര്‍ഥിയും. വിരമിച്ച ശേഷമുള്ള ആലസ്യം കൃഷിയിലേക്കിറങ്ങിയതോടെ ഇല്ലാതെയായതായി ഇസ്മാഈല്‍ പറഞ്ഞു. റമദാന്‍ വരുമ്പോഴേക്ക് പുതിയ വിളവെടുപ്പിന് കൃഷിയിറക്കാനുളള തയാറെടുപ്പിലാണ് ഇസ്മാഈലും ഭാര്യയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."