എക്കാട്ടിത്തോട് വന്‍തോട് പാലം ഉപയോഗിക്കാനാകാതെ നാട്ടുകാര്‍
അന്നമനട : ബണ്ടു റോഡു നിര്‍മിക്കാത്തതിനാല്‍ കര്‍ഷകര്‍ക്കായി അഞ്ചു വര്‍ഷം മുന്‍പു നിര്‍മിച്ച എക്കാട്ടിത്തോട് വന്‍തോട് പാലം ഉപയോഗിക്കാനാകാതെ നാട്ടുകാര്‍ യാത്ര ദുരിതത്തില്‍. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞു അഞ്ചു വര്‍ഷമായിട്ടും കര്‍ഷകര്‍ക്കോ മറ്റോ ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ റോഡു നിര്‍മാണം നടത്തിയാല്‍ മാത്രമാണു പാലം ഉപയോഗപ്രഥമാകൂ. പാലത്തിനോടു അനുബന്ധമായുള്ള ഭാഗത്തെ റോഡ് സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കാത്തതാണു കാരണം.
രണ്ടു കിലോമീറ്റര്‍ വരുന്ന ബണ്ടിലൂടെ സംരക്ഷണ ഭിത്തി കെട്ടി റോഡു നിര്‍മ്മാണം നടത്തിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളേറെയാണ്. അന്നമനട പഞ്ചായത്തിലെ കീഴഡൂര്‍ ഭാഗത്ത് 50 മീറ്ററോളം ഭാഗത്ത് മാത്രമാണു റോഡ് നിര്‍മാണം കഴിഞ്ഞിട്ടുള്ളത്. ബാക്കി കുഴൂര്‍ പഞ്ചായത്തില്‍ വരുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തിയാല്‍ നൂറുകണക്കിനു കുടുബങ്ങള്‍ക്കു ഉപകാരമാകും.
2013 ലാണു കെ.എല്‍.ഡി.സി കരിക്കാട്ടുചാലിലേക്കുള്ള എക്കാട്ടിത്തോട് വന്‍തോടിനു കുറുകെ പാലം പണിതത്. കര്‍ഷകര്‍ക്കു വളവും മറ്റും പാടശേഖരത്തിലേക്കു എത്തിക്കാനും തിരികെ നെല്ലും വൈക്കോലും കൊണ്ടു പോകാനായാണു നബാര്‍ഡ് ഫണ്ടുപയോഗിച്ചു കെ.എല്‍.ഡി.സി പാലം നിര്‍മിച്ചത്.
കുറഞ്ഞതു ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബണ്ടു റോഡ് നിര്‍മിച്ചാല്‍ മേലഡൂര്‍, അന്നമനട തുടങ്ങിയ പ്രദേശങ്ങളുമായി കുഴൂര്‍, തുമ്പരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും തിരികേയും ഏറ്റവും എളുപ്പത്തില്‍ എത്താന്‍ കഴിയും. വീതിയില്‍ റോഡായാല്‍ കുണ്ടൂര്‍, കണക്കന്‍കടവ്, പറവൂര്‍, പാറപ്പുറം തുടങ്ങിയ പ്രദേശങ്ങളും ചാലക്കുടി, ആതിരപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളുമായുള്ള ദൂരം ഗണ്യമായി കുറയും. പാലിശ്ശേരിയിലേയും പൂവ്വത്തുശ്ശേരിയിലേയും വിദ്യാലയങ്ങളിലേക്കും മേലഡൂര്‍ ഗവണ്‍മെന്റ്് സമിതി ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുമുള്ള ഒട്ടനവധി വിദ്യാര്‍ഥികള്‍ സൈക്കിളില്‍ പോകുന്ന വഴിയാണിത്. വളരെ സൂക്ഷിച്ചു പോയില്ലെങ്കില്‍ സൈക്കിളും കുട്ടികളും തോട്ടിലേക്കു വീഴാവുന്ന സാഹചര്യമാണ്. വിദ്യാര്‍ഥികളെ കൂടാതെ കൂലിപ്പണിക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമടക്കമുള്ളവരും സഞ്ചരിക്കുന്ന വഴിയാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പു പാടശേഖരത്തിലൂടെ തച്ചുപറമ്പ് മേലാംതുരുത്ത് റോഡ് പണിതിട്ടുണ്ട്.
ഇതിനിടയില്‍ ഉണ്ടായിരുന്ന തോടിനു കുറുകെയുണ്ടായിരുന്ന മരപ്പാലത്തിനു പകരം കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിച്ചത് മൂന്ന് വര്‍ഷം മുന്‍പാണ്. എക്കാട്ടിത്തോട് വന്‍തോട് പദ്ധതിയുടെ ഭാഗമായാണു കോണ്‍ഗ്രീറ്റ് പാലം നിര്‍മിച്ചത്. കുഴൂര്‍ വിളക്കുംകാല്‍ ജംഗ്ഷനില്‍ നിന്നും പാലം വരെയുള്ള ഭാഗത്തു റോഡില്‍ ടാറിംഗ് നടത്തിയിട്ടുണ്ട്. പാലം കടന്നു 50 മീറ്റര്‍ പോലും മുന്നോട്ടു പോകാനാകില്ല. പിന്നെ ആശ്രയം വീതികുറഞ്ഞ ബണ്ടു റോഡാണ്. തോട്ടിലേക്കോ പാടശേഖരത്തിലേക്കോ വീഴാനുള്ള സാധ്യതയുള്ളതിനാല്‍ ഈ മണ്‍പാതയിലൂടെ സഞ്ചരിക്കുന്നവര്‍ വിരളമാണ്.
പിന്നെ ആശ്രയം എരവത്തൂര്‍ വഴിയോ തുമ്പരശ്ശേരി വഴിയോ പോകുകയെന്നതാണ്. നാലു കിലോമീറ്ററിലധികം കൂടുതലായി ചുറ്റി സഞ്ചരിക്കണം ഈ രണ്ടു വഴികളിലൂടേയുമുള്ള യാത്രക്ക്. അര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്കു നാലും അഞ്ചും കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ദുര്‍ഗ്ഗതിയാണ്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്തു റോഡിന്റെ ഉയരം കൂട്ടി പണിയാനായി പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
തീരദേശ വികസന കോര്‍പ്പറേഷനു 48 ലക്ഷം രൂപയുടേയും പൊതുമരാമത്തു വകുപ്പിനു 55 ലക്ഷം രൂപയുടേയും ചെലവ് വരുന്ന എസ്റ്റിമേറ്റാണു സമര്‍പ്പിച്ചിരുന്നത്. എസ്റ്റിമേറ്റ് സമര്‍പ്പിച്ചു മൂന്നു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കുഴൂര്‍ മുതല്‍ പാലം വരെയുള്ള ഇടുങ്ങിയ റോഡിന്റെ വീതി വര്‍ധിപ്പിച്ചു പണിതാല്‍ ബസ് റൂട്ടിനു വരെ സാധ്യതയുള്ള പാതയായിതു മാറും. സ്ഥലം എം.എല്‍.എയും സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്നാണു ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."