തമിഴ് അഭയാര്‍ഥികളെ പോലെ റോഹിംഗ്യകളെ പരിഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് വംശജരായ അഭയാര്‍ഥികളെപോലെ ബുദ്ധിസ്റ്റ് വംശീയ ആക്രമണത്തില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലേക്കുവന്ന റോഹിംഗ്യന്‍ ജനതയെ പരിഗണിക്കാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലേക്കു വരുന്നവരെ കടത്തിവിടുന്നത് ആഭ്യന്തരസുരക്ഷയ്ക്കു ഭീഷണിയാണ്.
ഇന്ത്യ ഇതിനകം തന്നെ നുഴഞ്ഞുകയറ്റക്കാരുടെയും മറ്റും ഭീഷണിനേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ അയല്‍രാജ്യത്തുനിന്നുള്ള ഭീകരപ്രവര്‍ത്തന ഭീഷണിയും ഉണ്ട്. ഒരുപരമാധികാര രാജ്യം എന്ന നിലയ്ക്ക് അതിര്‍ത്തികള്‍ സുരക്ഷിതമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ കൂടി പരിഗണിച്ച് നിയമപ്രകാരമെടുത്ത തീരുമാനമാണിതെന്നും ഈ വിഷയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മ്യാന്‍മറില്‍ നിന്നെത്തിയ റോഹിംഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലെത്തിയ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ അംഗീകരമുള്ള രോഹിന്‍ഗ്യന്‍ വംശജരാണ് ഹരജിനല്‍കിയത്. കേസ് കഴിഞ്ഞയാഴ്ച പരിഗണിക്കവെ ഇന്ത്യയിലേക്കു നേരത്തെ വന്ന തമിഴ് അഭയാര്‍ഥികളെ പോലെ രോഹിന്‍ഗ്യകളെയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള ധാരണപ്രകാരം ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങള്‍ റോഹിംഗ്യകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. എന്തിനാണീ വിവേചനമെന്നും ഭൂഷണ്‍ ചോദിച്ചിരുന്നു. ഈയാവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണവും കോടതി ആരായുകയുണ്ടായി. ഇതിനുള്ള മറുപടിയായാണ് ഈയാവശ്യം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എന്നാല്‍, ഇന്ത്യന്‍ അതിര്‍ത്തിയിലെത്തുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ കുരുമുളക് സ്േ്രപ ഉള്‍പ്പെടെയുള്ളവ ബി.എസ്.എഫ് ജവാന്‍മാര്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നിഷേധിച്ചു. മതിയായ യാത്രാരേഖകളില്ലാതെ വരുന്നവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കുമാവില്ല.
ഇത്തരക്കാര്‍ക്ക് ബദല്‍ അഭയാര്‍ഥി കാര്‍ഡും നല്‍കാനാവില്ല. ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് വംശജര്‍ക്ക് അഭയാര്‍ഥി പദവി നല്‍കിയത് ആ രാജ്യവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇന്ത്യയും മ്യാന്‍മറും തമ്മില്‍ അത്തരത്തിലൊരു ഉടമ്പടിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."