ജസ്റ്റിസ് ലോയ കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹരജിയില്‍ വാദം പൂര്‍ത്തിയായി; വിധി പിന്നീട്
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി വിധിപറയാനായി മാറ്റിവച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ.
കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിപറയാനായി മാറ്റിയത്. വിവരാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനേവാല, ബോംബെ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷന്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററര്‍സ്റ്റ് ലിറ്റിഗേഷന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് വെള്ളിയാഴ്ച വാദം പൂര്‍ത്തിയായത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ ലക്ഷ്യംവച്ചുള്ളതാണ് ഹരജിയെന്നും ഇതിനു പിന്നില്‍ പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയാണെന്നും ആരോപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍, സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ത്തു. വിഷയത്തില്‍ കോടതി ശ്രദ്ധയോടെ ഇടപെടണമെന്നും വിഷയത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുള്ള ഒരുവാക്ക് പോലും മരണസമയത്ത് ജസ്റ്റിസ് ലോയക്കൊപ്പമുണ്ടായിരുന്ന നാലുജഡ്ജിമാരെ കുറിച്ചു സംശയത്തിനിടയാക്കുമെന്നും മഹാരാഷ്ട്രസര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി പറഞ്ഞു.
ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട കാരവന്‍ മാഗസിനെ തള്ളിയാണ് മുകുള്‍ രോഹ്തഗി വെള്ളിയാഴ്ച വാദം തുടങ്ങിയത്. ഏതുവിഷയത്തിലും അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് അധികാരുണ്ട്. പക്ഷേ ഈ വിഷയത്തില്‍ നാലു ജഡ്ജിമാരുടെയും മൊഴികള്‍ രേഖപ്പെടുത്തിവയ്ക്കണം. മാഗസിനില്‍ പറയുന്നതിനല്ല മറിച്ച് ജസ്റ്റിസ് ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെയാണു വിശ്വസിക്കേണ്ടതെന്നും രോഹ്തഗി വാദിച്ചു.
അതേസമയം, ലോയയുടെ മരണം പുനരന്വേഷിക്കേണ്ടതില്ലെന്നു പറയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കുടുംത്തിനു മേല്‍ സമ്മര്‍ദ്ധം ഉണ്ടായിരുന്നതായി ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവേ പറഞ്ഞു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി യാദൃശ്ചികതകള്‍ ഉണ്ടെന്നും അതിനു ചുറ്റും നിരവധി ദുരൂഹമായ ഇടപെടലുകളുണ്ടായതായും അദ്ദേഹം ആരോപിച്ചു.
മറ്റു ഹരജിക്കാരുടെ വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നതിനാല്‍ പ്രധാനമായും മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദങ്ങളാണ് കോടതി കേട്ടത്. ഹരജിയില്‍ ലോയയുടെ മരണത്തിനു പിന്നിലെ പ്രേരണയോ മറ്റോ പരിഗണിക്കില്ലെന്നും മരണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണോയെന്ന കാര്യത്തില്‍ മാത്രമെ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."