കുറ്റ്യാടിയില്‍ ആക്രിക്കടയില്‍ സൂക്ഷിച്ച പൈപ്പിനുള്ളില്‍ നിന്നു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരുക്ക്
കുറ്റ്യാടി: ആക്രിക്കടയില്‍ സൂക്ഷിച്ച പൈപ്പിനുള്ളില്‍ നിന്നു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ജോലിക്കാരനായ യുവാവിന് ഗുരുതര പരുക്ക്. തമിഴ്‌നാട് വില്‍പുരം ജില്ലയിലെ പെരുമംഗളം സ്വദേശി രാഹുല്‍(19)ആണ് ശരീരമാസകലം ഗുരുതരമായി പരുക്കേറ്റത്്.
ഇയാളെ കുറ്റ്യാടി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ അമ്പലകുളങ്ങര നിട്ടൂര്‍ റോഡിന് സമീപത്തുള്ള പാഴ്‌വസ്തു കടയിലാണ് പ്ലാസ്റ്റിക് പൈപ്പിനുള്ളില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
കടയിലെ പ്ലാസ്റ്റിക് പൈപ്പുകള്‍ എടുത്ത് മാറ്റി വയ്ക്കുന്നതിനിടയില്‍ ഭാരക്കൂടുതല്‍ തോന്നിയ പൈപ്പ് തൊട്ടടുത്ത കരിങ്കല്ലില്‍ രാഹുല്‍ തട്ടി നോക്കിയപ്പോഴായിരുന്നു പൈപ്പ് ശക്തമായ ശബ്ദത്തില്‍ പൊട്ടിതെറിച്ചത്. ഇടത് കൈപത്തിക്കും വലത് കയ്യിനും മുഖത്തും സാരമായി പരുക്കേറ്റ രാഹുലിനെ നാട്ടുകാരാണ് കുറ്റ്യാടി ഗവ: താലൂക്കാശുപത്രിയില്‍ എത്തിച്ചത്.
സമീപത്തുണ്ടായിരുന്ന രാഹുലിന്റെ സഹോദരനായ ശക്തിവേലിന്റെ വയറിനും കാലിനും ചീളുകള്‍ തെറിച്ചു വീണു പരുക്കേറ്റിട്ടുണ്ട്. മറ്റൊരു സഹോദരനായ സെന്തില്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഏകദേശം പതിനഞ്ച് വര്‍ഷത്തോളമായി പിതാവ് ഗാന്ധിയും അമ്മ സുമതിയും സഹോദരങ്ങളുമായി രാഹുല്‍ ഇവിടെ ജോലി ചെയ്തു വരുന്നത്. കടയ്ക്ക് സമീപത്തായിരുന്നു താമസം. സ്‌ഫോടന സമയത്ത് രാഹുലിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞ് വടകരയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും, കൊയിലാണ്ടിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. നാദാപുരം ഡി.വൈ.എസ്.പി വി.കെ.രാജു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈഎസ്.പി ഷാജി, കുറ്റ്യാടി സി.ഐ എന്‍ സുനില്‍കുമാര്‍, കുറ്റ്യാടി എസ്.ഐ പി.സി ഹരീഷ്, അഡീഷ്ണല്‍ എസ്.ഐ രാംകുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."