സിറിയ ഇനിയെത്രനാള്‍ ചോരയൊഴുക്കണം
'പ്രിയപ്പെട്ട അസ്മ, കഴിഞ്ഞദിവസം ഞാന്‍ പഴയ ഒരു ഫോട്ടോഗ്രാഫ് കണ്ടിരുന്നു. 1980ലെ ഒരു വേനലില്‍ രണ്ടു കുട്ടികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം ബ്രിട്ടനിലെ ഒരു ഗ്രാമത്തില്‍ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതാണു ചിത്രം. ഏതൊരു കഠിനഹൃദയത്തെയും ആര്‍ദ്രമാക്കാന്‍ പോന്നതായിരുന്നു ആ ചിത്രം. കൊച്ചുകുട്ടികളിലെ നിഷ്‌കളങ്കതയും സന്തോഷവുമെല്ലാം അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇക്കാരണത്താല്‍ ഫോട്ടോ എന്നെ ഏറെ സന്തോഷവതിയാക്കി.
എന്നാല്‍, പിന്നീട് ഞാന്‍ കരയാന്‍ തുടങ്ങി. കാരണം, ആ ചിത്രത്തിലെ കുട്ടികളിലൊരാള്‍ താങ്കളായിരുന്നു അസ്മ. ഇപ്പോള്‍ കിഴക്കന്‍ ഗൗഥയില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു വ്യക്തമായി അറിയാം. അവിടെ നൂറുകണക്കിനു കുഞ്ഞുങ്ങളാണു നിങ്ങളുടെ ഭര്‍ത്താവിന്റെ ക്രൂരതമൂലം ദുരിതമനുഭവിക്കുന്നത്...' കഴിഞ്ഞമാസം 27നു സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദിനു പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയും റെസ്‌പെക്ട് പാര്‍ട്ടി അധ്യക്ഷയുമായ യിവോണ്‍ റിഡ്‌ലി എഴുതിയ അല്‍പ്പം നീണ്ട കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്.
സിറിയയെന്ന രാഷ്ട്രം നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര രാഷ്ട്രീയപ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും ലോകത്താകമാനമുള്ള മനുഷ്യസ്‌നേഹികളെ ഒരുപോലെ അസ്വസ്ഥരാക്കുന്നത് ഇത്തരം അധികാര വടംവലികളുടെ പേരില്‍ ദുരിതംപേറാന്‍ വിധിക്കപ്പെട്ട നിരപരാധികളായ ജനവിഭാഗത്തിന്റെ കരളുപിളര്‍ത്തുന്ന രോദനമാണ്.യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് വിശേഷിപ്പിച്ചപോലെ 'ഭൂമിയിലെ നരക'മായി മാറിക്കൊണ്ടിരിക്കുകയാണു സിറിയ. ബശ്ശാറുല്‍ അസദിന്റെ കിരാതഭരണത്തിനു കീഴില്‍ ആ ജനത അനുഭവിക്കുന്ന ദുരിതം പാരമ്യത്തിലെത്തിയിരിക്കുന്നു.
2000ത്തിലാണ് പിതാവ് ഹാഫിസ് അല്‍ അസദില്‍നിന്നു ബശ്ശാര്‍ അധികാരമേല്‍ക്കുന്നത്. സിറിയയിലെ ജനസംഖ്യയില്‍ നാമമാത്ര ന്യൂനപക്ഷമായ ശിയാ-അലവി വിഭാഗക്കാരായ 'അസദു'മാരുടെ ഏകാധിപത്യഭരണത്തിനെതിരേ ജനകീയപ്രക്ഷോഭവും പ്രതിഷേധവും ഉയര്‍ന്നുവന്നത് 2011 മുതലാണ്. അറബ് ലോകത്തു വീശിയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ അനുരണനമായിരുന്നു അത്.
ഈജിപ്തിന് 'അറബ് വസന്തം' സമ്മാനിച്ച ജനകീയബദലില്‍ 'ദര്‍അ' നഗരത്തില്‍ രണ്ടു സ്‌കൂള്‍വിദ്യാര്‍ഥികള്‍ സന്തോഷം പങ്കിട്ടിടത്തുനിന്നാണു തുടക്കം. ആ കുട്ടികളെ രഹസ്യാന്വേഷണസേന കസ്റ്റഡിയിലെടുത്തു. ഇതിനെതിരേ സ്‌കൂള്‍വിദ്യാര്‍ഥികള്‍ ദര്‍അ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനക്കാരെ സേന ആയുധമുപയോഗിച്ചു നേരിട്ടു. ഇതിനെതുടര്‍ന്നു ദര്‍അയ്ക്കു പുറമെ അലപ്പോ, ഹിംസ്, ദമസ്‌കസ് തുടങ്ങിയിടങ്ങളിലേക്കും പ്രക്ഷോഭം നീണ്ടു. 2011 മാര്‍ച്ചോടെ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്കു വഴിമാറി. ബശ്ശാര്‍ സൈന്യത്തിനു കാലിടറി.
മറ്റൊരു തുനീസ്യ ആവര്‍ത്തിച്ചേക്കുമെന്നായപ്പോള്‍ സിറിയന്‍സൈന്യത്തിനു സഹായവുമായി റഷ്യയും ഇറാനുമെത്തി. പ്രതിപക്ഷ സഖ്യത്തെ ആയുധം നല്‍കി പിന്തുണയ്ക്കാന്‍ അമേരിക്കയും തുര്‍ക്കിയും വന്നു. ഇതോടെ സിറിയ കുരുതിക്കളമായി. പിന്നീട് സിറിയയിലെയും ഇറാഖിലെയും ഐ.എസ് അധിനിവേശം തടയുന്നതില്‍ അമേരിക്കയുടെയും തുര്‍ക്കിയുടെയും ശ്രദ്ധമാറിയെങ്കിലും പ്രതിപക്ഷനിയന്ത്രിത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബശ്ശാര്‍സൈന്യത്തിനു സഹായവുമായി റഷ്യ ഒപ്പം നിന്നു.
യുദ്ധഭൂമിയായ പ്രദേശങ്ങള്‍ സമൂലനാശത്തിലേക്കു നീങ്ങുമെന്നായപ്പോള്‍ തുര്‍ക്കി സഖ്യരാജ്യങ്ങളുമായി ചേര്‍ന്നു നടത്തിയ നയതന്ത്രനീക്കങ്ങള്‍ ആദ്യം വിജയം കണ്ടിരുന്നു. പക്ഷേ, അവശേഷിക്കുന്ന തുടിപ്പുകള്‍ കൂടി ഇല്ലാതാക്കാനുള്ള അസദ് ഭരണകൂടത്തിന്റെ അഭിവാഞ്ഛയുടെ വാര്‍ത്തയാണ് ഏതാനും ആഴ്ചകളായി സിറിയയില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്.
'ദമസ്‌കസിന്റെ ധാന്യപ്പുര'യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൗഥ കേന്ദ്രീകരിച്ചാണു ബശ്ശാര്‍ ഭരണകൂടം ഇപ്പോള്‍ ആക്രമണം നടത്തുന്നത്. യുദ്ധക്കെടുതിയില്‍നിന്നു രക്ഷനേടാന്‍ ഭേദപ്പെട്ട കാര്‍ഷികസമൃദ്ധിയുള്ള ഈ പ്രദേശത്തെയാണു ജനം പ്രധാനമായും ആശ്രയിച്ചിരുന്നത്. ആ തുരുത്തും ശവപ്പറമ്പാക്കി മാറ്റുകയാണു ബശ്ശാര്‍.
റഷ്യയുടെയും ഇറാന്റെയും സാന്നിധ്യമുള്ള സിറിയയില്‍ ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയും സജീവമാണ്. അമേരിക്കയും തുര്‍ക്കിയും പ്രതിപക്ഷത്തിനു പിന്തുണ നല്‍കുന്നു. ഐ.എസിനെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന കുര്‍ദുകള്‍ക്ക് തെക്കന്‍ സിറിയയില്‍ ഖുര്‍ദിഷ് രാജ്യമുണ്ടാക്കാന്‍ അമേരിക്ക സഹായിക്കുന്നതിനാല്‍ തുര്‍ക്കി അമേരിക്കയില്‍നിന്ന് അകന്നിട്ടുണ്ട്. വന്‍ശക്തികള്‍ക്കു കരുത്തുതെളിയിക്കാനും പകപോക്കാനുമുള്ള വേദിയായി മാറിയിരിക്കുന്നു സിറിയ.
നാലുലക്ഷത്തിലേറെ സിവിലിയന്മാരെ കൊന്നുതള്ളിയും ഒരു കോടിയിലേറെ ജനങ്ങളെ അഭയാര്‍ഥികളാക്കിയും തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ അതിദാരുണാധ്യായമായി മാറുകയാണു ഗൗഥ. രാസായുധങ്ങള്‍വരെ സിറിയന്‍ സൈന്യം ഇവിടെ പ്രയോഗിക്കുന്നു. നിരായുധരും നിരപരാധികളുമായ ജനതയ്ക്കു നേരേ നിഷ്‌കരുണം മാരകായുധം പ്രയോഗിക്കാന്‍ സൈന്യത്തിനുള്ള ഏക ന്യായം അവ വിമതശക്തികേന്ദ്രങ്ങളാണെന്നാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പിടഞ്ഞുമരിക്കുന്നത് അവരെ ബാധിക്കുന്നേയില്ല.
ഇതെഴുതുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ക്കു ഗുരുതരമായി മുറിവേറ്റു. കൊല്ലപ്പെട്ടവരില്‍ നാലിലൊന്നും കുട്ടികളാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നു മാത്രം രാസായുധപ്രയോഗത്തിലൂടെ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചതു നൂറോളം കുരുന്നുകളാണ്.
തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന നിസ്സഹായതയുടെ നിലവിളി, മരിച്ചവരെ എന്തു ചെയ്യണമെന്നറിയാതെ ജനം നെട്ടോട്ടമോടുന്ന കാഴ്ച, വെള്ളവും ഭക്ഷണവും കിട്ടാതെ ദിവസങ്ങളോളം ബങ്കറുകളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍, ഗര്‍ഭിണികളുള്‍പ്പെടെ അടിയന്തര വൈദ്യസഹായം ലഭിക്കാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍, ഒരു ഓക്‌സിജന്‍ മാസ്‌കില്‍ നിന്ന് ഒരേസമയം ഒന്നിലധികം പേര്‍ക്ക് വീതിച്ച് നല്‍കേണ്ടി വരുന്ന ആശുപത്രികള്‍... ഇങ്ങനെ നീളുന്നു ഇരകളുടെ ചിത്രങ്ങള്‍. നിയമങ്ങളും മര്യാദകളും കാറ്റില്‍പ്പറത്തി ബശ്ശാര്‍ ഭരണകൂടം നടത്തുന്ന 'നരകവല്‍ക്കരണ'ത്തിന് ഉത്തരകൊറിയ രാസായുധമെത്തിച്ചു കൊടുക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളുമുള്‍പ്പെടെ ബോംബിങിന്നിരയാകുന്നു. സന്നദ്ധസംഘടനകളുടെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സന്നദ്ധസംഘടനകളുടെ പേരില്‍ സഹായമെത്തിക്കുന്നവരില്‍ പലരും വിധവകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ഒരു നേരത്തെ അന്നത്തിനുപോലും ശരീരം കാഴ്ചവയ്ക്കാന്‍ ആവശ്യപ്പെടുന്നുവെന്നുമാണു ബി.ബി.സി റിപ്പോര്‍ട്ട്.
നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചെന്നു തെളിഞ്ഞിട്ടും സിറിയയ്‌ക്കെതിരേ യുദ്ധക്കുറ്റം ചുമത്താന്‍ ലോകരാജ്യങ്ങള്‍ക്കു കഴിയാതെ പോകുന്നു. ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത വെടിനിര്‍ത്തല്‍ കരാറിനു പുല്ലുവിലയാണു സഖ്യരാജ്യങ്ങള്‍ നല്‍കിയത്. നിരന്തരസമ്മര്‍ദത്തിനൊടുവില്‍ ചേര്‍ന്ന അറബ് ലീഗ് അടിയന്തരയോഗം 'അപലപിക്കല്‍ പ്രമേയം' വായിച്ചു പിരിഞ്ഞു. പ്രശ്‌നപരിഹാരം ഉടനില്ലെന്നതിന്റെ സൂചനയാണിത്. ഗൗഥയിലെ അവസാന പുല്‍ക്കൊടിയും നശിപ്പിക്കപ്പെട്ടാല്‍ സൈന്യം നീങ്ങുക ഇദ്‌ലിബിലേക്കായിരിക്കും. അടുത്ത മനുഷ്യദുരന്തം ഇവിടെയായിരിക്കും. ഇറാഖ് പോലെ പ്രകൃതിവിഭവം കൊണ്ട് സമ്പന്നമായ നാടല്ല സിറിയ. പക്ഷേ, ഭൂമി ശാസ്ത്രപരമായി ഒരുപാടു പ്രത്യേകതയുണ്ട്. അറബ്‌ലോകത്തിന്റെ പതനം സ്വപ്നംകണ്ടു കഴിയുന്ന ഇസ്‌റാഈലിന്റെ തൊട്ടടുത്തു കിടക്കുന്ന മുസ്‌ലിംരാജ്യമാണ്. ഈജിപ്തും ജോര്‍ദാനുമാണ് മറ്റു രണ്ട് രാജ്യങ്ങള്‍. രണ്ടും മുസ്‌ലിം രാജ്യങ്ങളാണെന്നു മാത്രമല്ല അവരുമായുള്ള നീക്കുപോക്കു താല്‍ക്കാലികമാണെന്നും ഏതു സമയത്തും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഇസ്‌റാഈല്‍ കണക്കുകൂട്ടുന്നുണ്ടാവണം. അതുകൊണ്ടു താരതമ്യേനെ പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കുന്ന സിറിയയില്‍ അനുകൂലസാഹചര്യം സൃഷ്ടിക്കാന്‍ അവര്‍ ചില പാശ്ചാത്യരാജ്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ശക്തമായ വിഘടിതസംഘങ്ങളോ വിമത ശബ്ദങ്ങളോ ഇല്ലാത്തതും 1973നു ശേഷം ആദ്യമായി സിറിയയില്‍ ഇസ്‌റാഈല്‍ നേരിട്ട് ഇടപെടല്‍ ആരംഭിച്ചതും തെളിയിക്കുന്നത് സാമ്രാജ്യത്വ അജന്‍ഡയുടെ ഭാഗമായി കണക്കാക്കണം. ഏകാധിപതിയായ ഭരണാധികാരി സ്വന്തം ജനതയ്‌ക്കെതിരേ നടത്തുന്ന നീചമായ യുദ്ധവെറി ആഗോളശക്തികള്‍ ഏറ്റെടുക്കുകയും തങ്ങളുടെ അജന്‍ഡയ്ക്കാവശ്യമായ ചരടുവലി നടത്താന്‍ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തുകയും ചെയ്തതാണു സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രം. സമകാലിക ആഗോള രാഷ്ട്രീയഭൂപടത്തില്‍ ഇറാഖും അഫ്ഗാനിസ്ഥാനുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സംഭവിച്ചപോലെ അനായാസം മാറ്റിവരയ്ക്കാവുന്ന അതിര്‍ത്തികളിലൊന്നായി സിറിയയും മാറുമായിരിക്കാം. ലോകം നിസ്സംഗത തുടര്‍ന്നാല്‍ ഒന്നു പിടയുകപോലും ചെയ്യാതെ ചോരവാര്‍ന്നു ഗൗഥയും ചരിത്രത്തിലൊടുങ്ങുമായിരിക്കാം. അപ്പോഴും സിറിയ ബാക്കിയാക്കുന്ന ഒരു പാഠമുണ്ട്; ഏകാധിപതികളായ അധികാരികള്‍ക്കെതിരെ വിവേകപൂര്‍വമല്ലാതെ വികാരങ്ങള്‍ക്കു വിധേയരായി ജനം ശബ്ദമുയര്‍ത്തരുതെന്നും സായുധപ്പോരാട്ടത്തിനു ശ്രമിക്കരുതെന്നുമുള്ള വലിയ രാഷ്ട്രീയ പാഠം!
സ്വേഛാധിപത്യത്തെ പിഴുതെറിയുന്ന ജനകീയബദല്‍ സ്വപ്നംകണ്ടു തെരുവിലിറങ്ങിയ ജനത അറബ്ഭരണാധികാരികളുടെ ഒത്താശയോടെ, ആഗോളശക്തികളുടെ പിന്തുണയോടെ അത്യന്തം ഹീനമായി അമര്‍ച്ച ചെയ്യപ്പെടുകയും അരക്ഷിതരും അഭയാര്‍ഥികളുമായി മാറുകയും ചെയ്യുമ്പോള്‍ സഈദ് റമദാന്‍ ബൂത്വിയെന്ന മഹാപണ്ഡിതന്‍ സ്മരിക്കപ്പെടാതിരിക്കില്ല. കാരണം, ശരികള്‍ക്കും ശരികേടുകള്‍ക്കുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ വിമര്‍ശനശരങ്ങളേറ്റു നടന്നുനീങ്ങുമ്പോഴും 84 കാരനായ ആ ജ്ഞാനവൃദ്ധന്‍ വിളിച്ചുപറഞ്ഞതു ധിഷണാശാലിയായ നേതാവിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു. സ്ഥാപിതഭരണകൂടത്തെ അട്ടിമറിക്കുന്നതു കൂടുതല്‍ വിനാശത്തിനു കാരണമാകുമെന്നു തെര്യപ്പെടുത്തുന്ന സുന്നീ പാരമ്പര്യമായിരുന്നു മരണംവരെ ബൂത്വിയുടെ നിലപാടുകളെ നയിച്ചത്. ബൂത്വി അസദ് ഭരണകൂടത്തിനു ദാസ്യവേല ചെയ്യുന്നുവെന്ന് ആരോപണമുയര്‍ന്നപ്പോഴും അതില്‍ മാറ്റംവരുത്താന്‍ അദ്ദേഹം തയാറായില്ല. ബശ്ശാറിന്റെ ചിത്രത്തില്‍ സുജൂദ് ചെയ്യാന്‍ സൈന്യം നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു വിരിപ്പായി കരുതി അല്ലാഹുവിനു സുജൂദ് ചെയ്താല്‍ മതിയെന്നു ജനങ്ങളോടും വിമതരോടുള്ള സമീപനമെങ്ങനെയായിരിക്കണമെന്ന ചോദ്യത്തിനു പട്ടാളമേധാവി നിര്‍ബന്ധിച്ചാല്‍ പോലും വിമതരെ കൊല്ലരുതെന്നു സൈനികരോടും ഒരുപോലെ നിര്‍ദേശിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ എത്രമാത്രം യുക്തിഭദ്രമായിരുന്നെന്നു മുസ്‌ലിം ലോകം തിരിച്ചറിയുന്ന നാളുകളിലൂടെയാണു സിറിയ കടന്നുപോകുന്നത്.
പ്രാര്‍ഥനക്കും പ്രത്യാശക്കുമപ്പുറം നമ്മുടെ കൈയില്‍ പ്രതിവിധികളില്ല, അല്ലാഹു നമ്മുടെ സഹോദരങ്ങള്‍ക്കു സമാധാനം നല്‍കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."