നിയമം നിര്‍മിക്കുന്നവരുടെ നിയമലംഘനം
തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ നിയമവാഴ്ചയെ മാനിക്കുന്നവരും മനുഷ്യത്വമുള്ളവരുമായ എല്ലാവരിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അതേ വിഷയത്തില്‍ മറ്റൊരു എം.എല്‍.എയായ പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞ കാര്യങ്ങളും ആശങ്കയുളവാക്കുന്നതാണ്. സാധാരണ മനുഷ്യര്‍ വലിയ വില കല്‍പിക്കുന്ന നിയമവ്യവസ്ഥകളെ നമ്മുടെ ഭരണാധികാരികളോ ജനപ്രതിനിധികളോ അത്ര ഗൗരവത്തിലൊന്നും കാണുന്നില്ലെന്നാണ് അവരുടെ പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചന.
ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യം വെളിപ്പെടുത്തിക്കൊണ്ടാണ് ജോര്‍ജ് എം. തോമസ് സംസാരിച്ചത്. താന്‍ കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷിക്കാറുണ്ടെന്നും ആ ഇറച്ചിയുടെ കറി കൂട്ടി വാട്ടക്കപ്പ കഴിക്കാന്‍ നല്ല രുചിയാണെന്നുമൊക്കെ സഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജോര്‍ജ് എം. തോമസ് വെളിപ്പെടുത്തുകയുണ്ടായി. മാത്രമല്ല, മുള്ളന്‍പന്നി ഇറച്ചിക്ക് നല്ല രുചിയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കര്‍ശന നിയമങ്ങളുണ്ടായിട്ടും അതൊക്കെ ലംഘിച്ച് വനമേഖലയ്ക്കടുത്ത് താമസിക്കുന്ന ചിലരൊക്കെ വന്യമൃഗങ്ങളെ വേട്ടയാടുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഏറക്കുറേ പരസ്യമായൊരു രഹസ്യമാണ്. അത്തരമൊരു പ്രദേശത്തെ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായ ജോര്‍ജ് എം.തോമസ് അതു വെളിപ്പെടുത്തുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. മാത്രമല്ല, വളരെ ഉത്തരവാദിത്തത്തോടെ മാത്രം സംസാരിക്കേണ്ട ഒരു സ്ഥലത്ത് ഇക്കാര്യം വെളിപ്പെടുത്തുമ്പോള്‍ അതിനു ഗൗരവമേറുകയും ചെയ്യുന്നു.
വന്യജീവികളെ വേട്ടയാടുന്നതും അവയുടെ ഇറച്ചി ഭക്ഷിക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. അതിനു മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്നതാണ്. അത്തരമൊരു കുറ്റം ഒരു ജനപ്രതിനിധി ചെയ്യുമ്പോള്‍ ഒരു സാധാരണക്കാരന്‍ ചെയ്യുന്നതിനേക്കാള്‍ ഗൗരവമുണ്ട്. നിയമവാഴ്ചയ്ക്കു കാവല്‍ നില്‍ക്കാന്‍ ജനം തെരഞ്ഞെടുത്തയച്ച ആള്‍ തന്നെ നിയമം ലംഘിക്കുമ്പോള്‍ അതു സമാന കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ ജനങ്ങള്‍ക്കു പ്രേരണയാകുമെന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്. ഇതു പറഞ്ഞതിന്റെ തെളിവ് നിയമസഭാരേഖകളിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കാവുന്നതാണ്. അതിനുള്ള ആര്‍ജവം ഭരണകൂടത്തിന് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.
എണ്ണം പെരുകുന്നതുകൊണ്ട് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നുണ്ടെന്നും അവയെയൊക്കെ വെടിവച്ചു കൊല്ലണമെന്നുമാണ് പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞത്. വനയോര മേഖലയിലെ കൃഷിസ്ഥലങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കിവയ്ക്കുന്ന പ്രയാസങ്ങളാണ് പി.സി ജോര്‍ജിനെ ഇതു പറയാന്‍ പ്രേരിപ്പിച്ചത്. അത്തരം പ്രയാസങ്ങള്‍ വനയോര കര്‍ഷകര്‍ നേരിടുന്നുണ്ടെന്നത് യാഥാര്‍ഥ്യവുമാണ്. എന്നാല്‍, അത് പരിഹരിക്കാന്‍ നിയമാനുസൃത മാര്‍ഗങ്ങള്‍ തേടുകയോ പര്യാപ്തമായ നിയമങ്ങളില്ലെങ്കില്‍ അതുണ്ടാക്കുകയോ ആണ് ചെയ്യേണ്ടത്. അതിനുവേണ്ടി കൂടിയാണ് രണ്ടു ജോര്‍ജുമാരടക്കമുള്ളവരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചത്. അത് ചെയ്യാതെ നിയമം ലംഘിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ നിയമസഭയില്‍ പോലും പ്രസ്താവന നടത്തുന്നത് സമൂഹത്തോടു ചെയ്യുന്ന വലിയൊരു ദ്രോഹമാണ്.
നിയമാനുസൃതം തന്നെ നിരവധി പ്രിവിലേജുകള്‍ അനുഭവിക്കുന്ന ജനപ്രതിനിധികള്‍ അതില്‍ മത്തരായി എന്തും പറയുകയും ചെയ്യുകയുമാവാമെന്ന ധാര്‍ഷ്ട്യത്തില്‍ വരെ എത്തിയിട്ടുണ്ടെന്നാണ് ജോര്‍ജുമാരുടെ പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നത്. ഈ പ്രിവിലേജുകളൊന്നും വ്യക്തി എന്ന നിലയില്‍ അവര്‍ക്കു ലഭിക്കുന്നതല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ എന്ന നിലയില്‍, മറ്റൊരര്‍ഥത്തില്‍ ജനാധിപത്യം ജനങ്ങള്‍ക്കു നല്‍കുന്ന ആദരവെന്ന നിലയില്‍ മാത്രമാണ് അവര്‍ക്കതു ലഭിക്കുന്നത്. ആ പ്രിവിലേജുകളുടെ അഹന്തയില്‍ അവര്‍ക്കു സ്ഥലകാലബോധം നഷ്ടപ്പെടുകയല്ല മറിച്ച് കൂടുതല്‍ വിനയമുണ്ടാകുകയാണ് വേണ്ടത്. അതറിയാത്തവരുണ്ടെങ്കില്‍ അവരെയതു പഠിപ്പിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ടു വരേണ്ടിവരും.
ഇതിനൊക്കെ തൊട്ടുപിറകെയാണ് പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ നേരത്തെ തന്നെയുള്ള നിയമലംഘന ആരോപണം ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കക്കാടംപൊയിലില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കെട്ടിടം നിര്‍മിച്ചത് അനധികൃതമാണെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കായല്‍ കൈയേറ്റത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തോമസ് ചാണ്ടിയും നമ്മുടെ നിയമസഭയിലുണ്ട്.
നിയമനിര്‍മാണമെന്ന അതീവ ഗൗരവമേറിയ ഒരു ചുമതല ജനങ്ങള്‍ ഇത്തരക്കാരെയൊക്കെയാണ് ഏല്‍പിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ഏറെ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. നിയമനിര്‍മാണം ഒരു യാന്ത്രിക ക്രിയയല്ല. ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടു നിര്‍വഹിക്കേണ്ട ഭാരിച്ചൊരു ചുമതലയാണത്. അര്‍പ്പണബോധത്തോടെയും തികഞ്ഞ ആത്മാര്‍ഥതയോടെയും ആ ചുമതല നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് നിയമം അര്‍ഥപൂര്‍ണവും ജനപക്ഷവുമാകുന്നത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ആ ചുമതല നിര്‍വഹിക്കുന്നവരില്‍ നിയമത്തോട് ഒട്ടും കൂറില്ലാത്തവരും നിയമലംഘകരും കുറ്റകൃത്യ വാസനയുള്ളവരുമൊക്കെ ഉണ്ടെന്നാണ് വെളിപ്പെടുന്നത്. നിയമവ്യവസ്ഥയുടെ കൈകാര്യകര്‍തൃത്വം ഇത്തരക്കാരുടെ കൈകളില്‍ എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന് ജനങ്ങള്‍ ഗൗരവത്തോടെ തന്നെ ചിന്തിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."