ജില്ലാ, ജനറല്‍ ആശുപത്രികള്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ജില്ലാ, ജനറല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവിലെ സംവിധാനമനുസരിച്ച് രോഗികള്‍ക്ക് മികച്ച സൗകര്യമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. പരാതിക്കിടയില്ലാത്തവണ്ണം ഓരോ ആശുപത്രിയേയും രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കണം.
കാലതാമസമില്ലാതെ രോഗികള്‍ക്ക് ചികിത്സ ഉറപ്പു വരുത്തണം. മാത്രമല്ല അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലിക്ക് ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. പുതിയ സംവിധാനം വരുന്നതുവരെ ചെറിയ ക്രമീകരണത്തിലൂടെ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.
കേരളത്തിലാദ്യമായി 8 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് അനുവദിക്കുകയും മതിയായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഇതിന്റെ ഗുണഫലം എത്രയും വേഗം ജനങ്ങളിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, വിവിധ ആശുപത്രിയിലെ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."