ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി പി. തിലോത്തമന്‍. ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്തൃരംഗത്ത് ഒരുപാട് കള്ളനാണയങ്ങളുണ്ട്. സര്‍ക്കാര്‍ ഇവര്‍ക്കെതിരേ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉപഭോക്താവിന്റെ അവകാശമാണ് ഏറ്റവും പ്രധാനം. ഉപഭോക്തൃ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഡയറക്ടറേറ്റുതന്നെ രൂപീകരിച്ചിരിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്ന രീതിയാണ് ഇന്ന് നിലനില്‍ക്കുന്നത്.
എന്നാല്‍, അതിനിടയിലും ചില ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ലാഭം നേടിയെടുക്കുകയാണ് ചിലരുടെ ലക്ഷ്യം. അവരാണ് ചൂഷണത്തിനു പിന്നില്‍. സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കും.
ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എത്തിക്കണം. അതിനായി ഉപഭോക്തൃ നിയമം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് പി. സുധീര്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംസ്ഥാന അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് റേഷന്‍ വ്യാപാരികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."