മാസങ്ങളോളം ജോലിയും ശമ്പളവുമില്ല; ദുരിതത്തിലായ 89 ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക്
റിയാദ്: നാലുമാസക്കാലം കാര്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ റിയാദില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങി.
ഏറെ ദുരിതത്തിന് ശേഷം ഇവരില്‍ 69 പേര്‍ നാട്ടിലേക്ക് തിരിക്കുകയും ബാക്കി 26 പേര്‍ ഈയാഴ്ച തന്നെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലുമാണ്. ഒരു റിക്രൂട്ടിങ് ഏജന്‍സി വഴി സഊദിയിലെത്തിയ ഇവര്‍ നാല് മാസക്കാലത്തിനിടെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി കമ്പനി തൊഴിലെടുപ്പിച്ചെങ്കിലും ഇവര്‍ക്ക് ശമ്പളയിനത്തില്‍ ഒരു പൈസ പോലും ലഭിച്ചിരുന്നില്ല. ഒടുവില്‍ ശമ്പളമില്ലാതെ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയും എംബസി സഹായം ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയത്.
നാലുമാസം മുന്‍പ് ഇന്ത്യയിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി മുഖേനയാണ് ഒരു മാന്‍പവര്‍ കമ്പനി ഇവരെ റിയാദിലേക്ക് കണ്ടു വന്നത്. ഇവിടെയെത്തിയ ശേഷം ദമാം, ജുബൈല്‍, എന്നിവിടങ്ങളില്‍ കൊണ്ട് പോയി വിവിധ പ്ലാന്റുകളില്‍ രണ്ടര മാസം കരാറുകാര്‍ തൊഴിലെടുപ്പിച്ചു.
എന്നാല്‍ ശമ്പളം നല്‍കിയിരുന്നില്ല. ആവശ്യപ്പെട്ടപ്പോള്‍ റിയാദിലെ സ്‌പോണ്‍സറിങ് കമ്പനിയാണ് നല്‍കേണ്ടതെന്ന് മറുപടിയാണ് ലഭിച്ചത്. വഞ്ചന മനസിലാക്കിയ തൊഴിലാളികള്‍ ഇന്ത്യയിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ റിയാദിലെ കമ്പനിയുമായി സംസാരിച്ചു.
കരാര്‍ കമ്പനികള്‍ പണം നല്‍കാത്തതിനാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് മറുപടി നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്നറിയിച്ചു വിട്ടു നില്‍ക്കുകയും ചെയ്തതോടെ വിവരമറിഞ്ഞ ഇന്ത്യന്‍ ഏജന്‍സി ഇവരെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു.
എന്നാല്‍, നാട്ടിലയക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ടി ചിലവായ പണം നഷ്ടപരിഹാരമായി തങ്ങള്‍ക്ക് ലഭിക്കണമെന്ന് റിയാദിലെ കമ്പനിയും അറിയിച്ചത്തോടെ പ്രശ്‌നം സങ്കീര്‍ണമായി.
നാലുമാസം ആയിട്ടും ഇഖാമ പോലും എടുക്കാത്തതു മൂലം വിഷയം കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെ ഏജന്‍സി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു. വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ റിയാദിലെ ചാരിറ്റി ഓഫ് പ്രവാസി എന്ന സംഘടനയെ ഇന്ത്യന്‍ എംബസി കമ്യുണിറ്റി വെല്‍ഫെയര്‍ വിങ് ചുമതലപ്പെടുത്തുകയും ചെയ്ത. ഇവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും മറ്റു നീക്കത്തെയും തുടര്‍ന്ന് തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."