സര്‍ക്കാറിന്റെ മദ്യനയത്തിനെതിരേ തുറന്നടിച്ച് കത്തോലിക്ക സഭ
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരേ തുറന്നടിച്ച് കത്തോലിക്ക സഭ രംഗത്ത്.
മദ്യവര്‍ജനം പ്രഖ്യാപിച്ച സര്‍ക്കാര്‍ എല്ലായിടത്തും മദ്യം എത്തിക്കുകയാണെന്നു സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ പറഞ്ഞു.
സര്‍ക്കാറിന്റെ മദ്യനയം സംസ്ഥാനത്തെ മറ്റൊരു ഓഖി ദുരന്തമാകുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. സര്‍ക്കാരിന് ധാര്‍മ്മികതയില്ലെന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബിഷപ്പ് പറഞ്ഞു.
മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ കെസിബിസിയും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് നേരത്തെ അടച്ചുപൂട്ടിയ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും കള്ളു ഷാപ്പുകളും തുറക്കാന്‍ വഴിയൊരുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ പുതുതായി ബാറുകള്‍ തുറക്കാനുള്ള അപേക്ഷയ്ക്കും അനുമതി നല്‍കും. ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രിംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."